ആറു മക്കളുടെ പട്ടിണിയകറ്റാൻ മൂത്തമകൾ സൊഹ്റയെ ഒരു 52 കാരന് വിൽക്കുന്ന അച്ഛൻ... ഭീകരമായ ഭാവിയേക്കുറിച്ചുള്ള പേടിസ്വപ്നങ്ങളും കണ്ട് സൊഹ്റ.. ഭയമൂറുന്ന ആ കുഞ്ഞു കണ്ണുകളിൽ ഊറിയടിയുന്ന കണ്ണുനീരുമതി തീവ്രവാദത്തിന്റെ ക്രൂരത മനസ്സിലാക്കാൻ.

താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദു:ഖകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിജീവനത്തിനായുള്ള പണം കണ്ടെത്താന്‍ സ്വന്തം പെണ്‍കുട്ടികളെ വില്‍ക്കേണ്ട ഗതികേടാണ് പല കുടുംബങ്ങളും നേരിടുന്നത്.അത്തരം ഒരുപാട് സംഭവങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നുണ്ട്.
ദാരിദ്ര്യത്തോടും പട്ടിണിയോടും പോരാടുന്ന പല അഫ്ഗാന്‍ കുടുംബങ്ങളും പണം കണ്ടെത്താനായി കൗമാരക്കാരായ പെണ്‍മക്കളെ വിവാഹം ചെയ്ത് നല്‍കുകയാണ്. ഇത്തരത്തിൽ വിട്ട ഒരു പെൺകുട്ടിയായിരുന്നു ബദ്ഘീസ് പ്രവിശ്യയില്‍ പര്‍വാന മാലിക് എന്ന 9 വയസുകാരി.പെണ്‍കുട്ടിയെ കുടുംബം 55കാരനായ ഖൂര്‍ബാന്‍ എന്നയാള്‍ക്ക് വിറ്റു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് താന്‍ 12കാരിയായ മറ്റൊരു മകളെയും വിറ്റെന്ന് അച്ഛൻ അബ്ദുള്‍ മാലിക് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ അത്തരത്തിലുള്ള മറ്റൊരു വർത്തകൂടി ഇപ്പോൾ പുറത്തുവരികയാണ്...ആറു മക്കളുടെ പട്ടിണിയകറ്റാൻ മറ്റൊരു മാർഗ്ഗമില്ലാതെ തന്റെ മകളെ വിൽക്കേണ്ടി വന്ന ഖാദർ.1,386 പൗണ്ടിന് തന്റെ മൂത്തമകൾ സൊഹ്റയെ ഒരു 52 കാരന് വിൽക്കുകയാണ് അയാൾ.
തന്റെ മകളെ കൊണ്ടുപോകാൻ എപ്പോൾ അയാൾ വരുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോൾ ഖാദിറും കുടുംബവും. എന്നാൽ, അയാൾ നൽകിയ പണത്തിന്റെ മുക്കാൽ ഭാഗവും ഇതിനോടകം തന്നെ ചെലവഴിച്ചു കഴിഞ്ഞു.
കടങ്ങൾ തീർക്കുവാനും മകന്റെ ചികിത്സയ്ക്കുമായാണ് പണമേറെയും ചെലവായതെന്ന് ഖാദിർ പറയുന്നു. ദിവസങ്ങൾ കഴിയുന്തോറും തന്നെ കാത്തിരിക്കുന്ന ഭീകരമായ ഭാവിയേക്കുറിച്ചുള്ള പേടിസ്വപ്നങ്ങളും കണ്ട് സൊഹ്റ ഉറക്കമില്ലാത്ത രാത്രികൾ പിന്നിടുകയാണ്. ഭയമൂറുന്ന ആ കുഞ്ഞു കണ്ണുകളിൽ ഊറിയടിയുന്ന കണ്ണുനീരുമതി തീവ്രവാദത്തിന്റെ ക്രൂരത മനസ്സിലാക്കാൻ.
തന്നെ എന്തിനാണ് വിറ്റതെന്ന് അവൾ ചോദിക്കുമ്പോൾ ഉത്തരമില്ലാതെ വിഷമിക്കുകയാണ് അവളുടെ മാതാപിതാക്കൾ. പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള മകൾ 52 കാരനൊപ്പം എങ്ങനെ ജീവിക്കുമെന്നാലോചിച്ച് മാതാപിതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാണ്. താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിനു മുൻപ് തന്നെ അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര സംഘർഷവും വരൾച്ചയും കൂടെ കോവിഡും ലക്ഷക്കണക്കിന് പേരുടെ അന്നമാണ് മുട്ടിച്ചത്. പുതിയ ഭരണകൂടം എത്തിയതോടെ ദുരിതങ്ങൾ വർദ്ധിക്കുകയായിരുന്നു. രാജ്യം സർവ്വനാശത്തിലേക്ക് കൂപ്പ് കുത്താൻ തുടങ്ങുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 40 ശതമാനം വരുമായിരുന്ന വിദേശ സാമ്പത്തിക സഹായം കൂടി നിർത്തലായതോടെ ദുരിതം വർദ്ധിച്ചു. പല ബാങ്കുകളും അടച്ചുപൂട്ടി. ലക്ഷങ്ങൾക്കാണ് തൊഴിൽ നഷ്ടമായത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അനുസരിച്ച് 5 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ദിവസേന കഴിക്കാൻ മതിയാകുന്ന ഭക്ഷണം കൈവശമുള്ളത്. ജനസംഖ്യയിൽ പകുതിയിലേറെ പേർ പട്ടിണിയിലാണെന്നും ഈ റിപ്പോർട്ട് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാൻ ഇപ്പോൾ നേരിടുന്നത്.
മിക്കപ്പോഴും പ്രായമേറിയ പുരുഷന്മാരാണ് കൊച്ചു പെൺകുട്ടികളെ വാങ്ങുന്നത്. അതോടെ ആ കുട്ടികളുടെ ഭാവി ഇരുളടയുകയായി. പ്രസവം മാത്രമായിരിക്കും പിന്നെ ഇവരുടെ തൊഴിൽ.. 2017-ൽ ശിശുവിവാഹം ഇല്ലാതെയാക്കുവാൻ ദേശീയാടിസ്ഥാനത്തിൽ തന്നെ സർക്കാർ ചില പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിന് മുൻതൂക്കം നൽകിക്കൊണ്ട്18 വയസ്സിനു മുൻപുള്ള വിവാഹം നിരോധിക്കാനായിരുന്നു പദ്ധതി.
എന്നാൽ, താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാൻ വനിതകളുടെ ദുരിതം ആരംഭിക്കുകയായിരുന്നു. സമൂഹത്തിലെ രണ്ടാം കിട പൗരന്മാരായി മാത്രം സ്ത്രീകളെ കാണുന്ന താലിബാൻ നിയമം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ വംശനാശത്തിനു തന്നെ ഇടയാക്കിയേക്കുമെന്ന് ചിലർ പറയുന്നു. ഇങ്ങനെ മക്കളെ വിൽക്കുമ്പോൾ വാങ്ങുന്നവരുടെ ഒരു വിവരവും മാതാപിതാക്കൾക്ക് അറിയില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. സൊഹ്റയെ വങ്ങിയ ആളുടെ പേരല്ലാതെ മറ്റൊന്നും ഖാദിറിന് അറിയില്ല. അതുകൊണ്ടുതന്നെ അയാൾ അവളെ കൊണ്ടുപോയാൽ പിന്നെ കാണാൻ തന്നെ കഴിഞ്ഞെന്നും വരില്ല.
https://www.facebook.com/Malayalivartha






















