കാറിലിരുന്ന സ്ത്രീക്ക് നേരെ നടുവിരല്‍ ഉയര്‍ത്തികാട്ടിയ യുവാവിന് മുട്ടന്‍ പണി

വാഹനത്തിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അസഭ്യം പറയുകയും നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 3കാരനായ അംഗീത് ആറ് മാസം തടവ് ശിക്ഷയനുഭവിക്കണമെന്ന് മുംബൈയിലെ ഗീര്‍ഗാവ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. മുംബൈയിലാണ് സംഭവം.
66കാരിയായ സ്ത്രീക്ക് നേരെയാണ് നടുറോട്ടില്‍ അസഭ്യം പറഞ്ഞ് അംഗീത് നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്. 2018 സെപ്റ്റംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. 66കാരിയും മകനും കാറില്‍ യാത്രചെയ്യുകയായിരുന്നു.
ഓഫീസിലേക്ക് പോകുന്ന വഴി മഹാലക്ഷ്മി റോഡില്‍ കാഡ്ബറി ജങ്ഷന് സമീപമാണ് സംഭവമുണ്ടായത്. കാര്‍ ഇവിടെയെത്തിയതോടെ ഇടതുവശത്ത് നിന്നും ഒരു ചുവന്ന കാര്‍ വന്നു. 100 മീറ്ററോളം ദൂരം സ്ത്രീയുടെ കാര്‍ യാത്രയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് ചുവന്ന കാര്‍ ഒപ്പം തുടര്‍ന്നു.
ഹൂഗ് റോഡില്‍ എത്തിയപ്പോഴേക്കും ചുവന്ന കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സിഗ്‌നലില്‍ എത്തിയതിനാല്‍ അത് സാധിച്ചില്ല. ഇരു കാറുകളും റെഡ് സിഗ്‌നല്‍ മാറുന്നതിനായി ഹൂഗ് റോഡില്‍ കാത്തുനിന്നു. അപ്പോഴാണ് ചുവന്ന കാറിലെ ഡ്രൈവറായിരുന്ന അംഗീത് പട്ടേല്‍ ഡോറിന്റെ വിന്‍ഡോ താഴ്ത്തി 66കാരിക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്.
മര്യാദ കൈവിടരുതെന്ന് സ്ത്രീ പ്രതികരിച്ചു. എന്നാല്‍ ഇതുകേട്ട അംഗീത് സ്ത്രീയോട് അസഭ്യം പറയാന്‍ ആരംഭിച്ചു. ഇതോടെ മകന്‍ ഈ വിവരം ട്രാഫിക് പോലീസിനെ അറിയിച്ചു. നേരെ ഗംവാദി പോലീസ് സ്‌റ്റേഷനിലേക്ക് അംഗീതിനെ കൊണ്ടുപോകുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഒരു സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള മൗലീക അവകാശമാണ് അവിടെ ആക്രമിക്കപ്പെട്ടത്. തന്റെ പ്രവൃത്തിയുടെ പ്രത്യാഘാതം എത്രത്തോളമാണെന്ന് തിരിച്ചറിയാന്‍ പ്രായമായ വ്യക്തിയാണ് അംഗീത്. അതിനാലാണ് കുറ്റകൃത്യം കൂടുതല്‍ ഗൗരവമാകുന്നതെന്നും കേസില്‍ വിധി പറഞ്ഞ മജിസ്‌ട്രേറ്റ് നദീം എ. വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പ്രതിയോട് കാണിക്കുന്ന അനാവശ്യമായ സൗമ്യത സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























