റഷ്യയുടെ മിസൈല്‍ ആക്രമണം... സാപൊറീഷ്യ ആണവനിലയത്തില്‍ വൈദ്യുതി ബന്ധം നഷ്ടമായി

ഊര്‍ജോല്‍പാദന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്‌നിലെ സാപൊറീഷ്യ ആണവനിലയത്തില്‍ വൈദ്യുതി ബന്ധം നഷ്ടമായി. റഷ്യയുടെ എണ്‍പതോളം മിസൈലുകളാണ് യുക്രെയ്‌നിലെ വിവിധ ഭാഗങ്ങളിലായി പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ജനവാസ കേന്ദ്രങ്ങളിലും മിസൈലുകള്‍ പതിച്ചു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ ആറാം തവണയാണ് സാപൊറീഷ്യയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത്. തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ എനര്‍ഹൊദാര്‍ നഗരത്തിനു സമീപം സ്ഥിതി ചെയ്യുന്ന സാപൊറീഷ്യ ആണവനിലയം ശേഷിയുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്‍പതാമതാണ്. 5700 മെഗാവാട്ടാണു ശേഷി. 6 റിയാക്ടറുകളുള്ള ആണവനിലയമാണിത്. യുക്രെയ്ന്‍ അധിനിവേശത്തിനു പിന്നാലെ 2022 മാര്‍ച്ച് നാലിന് റഷ്യന്‍ സേന ആണവനിലയം പിടിച്ചെടുത്തിരുന്നു.
ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഡീസല്‍ ജനറേറ്ററില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആണവനിലയത്തില്‍ നിലവില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെ അപകടനില തരണം ചെയ്യാനായെങ്കിലും വീണ്ടും ആക്രമണമുണ്ടാകുമെന്ന ഭീതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























