ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ റെയില്‍, റോഡ് ശൃംഖല
ഇന്ത്യയിലെ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് ബംഗ്ലാദേശിലേക്കും തിരികെയും ട്രെയിനിലോ ബസിലോ പോകാന്‍ കഴിയുക. അല്ലെങ്കില്‍ ഇന്ത്യയില്‍നിന്നും പാകിസ്ഥാന് വഴി അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലേയ്ക്കു സമാനരീതിയില്‍ യാത്ര ചെയ്യാന്‍ കഴിയുക.ഇതൊക്കെ ഇന്ന് സങ്കല്പ്പങ്ങളില് മാത്രം കാണാന്‍ കഴിയുന്നതാണ്.
എങ്കിലും താമസംവിനാ ഈ യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന ട്രാന്‍സ് സൗത്ത് ഏഷ്യന്‍ റോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അഗര്‍ത്തല, ബംഗ്ലാദേശിലെ ചിറ്റഗോംഗ്, ധാക്ക, വീണ്ടും ഇന്ത്യയിലേയ്ക്ക് പ്രവേശിച്ച് കൊല്‍ക്കത്ത, ലക്നൗ, ന്യൂഡല്‍ഹി, പാകിസ്ഥാനില്‍ ലാഹോര്‍ തുടങ്ങിയവയെല്ലാം പിന്നിട്ട് കാബൂളിലേയ്ക്ക് സ്വതന്ത്രമായി യാത്ര വര്‍ഷങ്ങള്‍ക്കുള്ളില്‍ സാദ്ധ്യമായേക്കും.
ധാക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമുള്ള റോഡുകള്‍ ഭൂട്ടാന് തലസ്ഥാനമായ തിമ്പുവുമായും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവുമായും ബന്ധപ്പെടും . ലക്നൗവിന് കാഠ്മണ്ഡുവുമായി റോഡ് ബന്ധമുണ്ട്. കൊല്‍ക്കത്തയ്ക്ക് ലാഹോറുമായി നേരിട്ട് റെയില്‍ ബന്ധമുണ്ടായേക്കും. ലാഹോറില്‍ നിന്ന് റോഡ് കറാച്ചിയെ ബന്ധിപ്പിയ്ക്കും.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ, പാക് ഗതാഗത സെക്രട്ടറിമാരുടെ യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സാര്‍ക്ക് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാര്‍ നടത്തുന്ന ചര്‍ച്ചയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര ഗതാഗത ബന്ധം ചര്‍ച്ചാവിഷയമാകും. പാകിസ്ഥാനില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയിലെ സ്വതന്ത്രഗതാഗതത്തില് ഏറ്റവുമധികം തടസം സൃഷ്ടിച്ചിരുന്നത് ഇന്ത്യ പാക് സംഘര്‍ഷമാണ്. പദ്ധതിയോട് തുടക്കത്തില്‍ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു പാകിസ്ഥാന്. എന്നാല്‍ പാകിസ്ഥാന് നിലപാട് മാറ്റിയതോടെ സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് വഴി തുറന്നിരിയ്ക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തമ്മില്‍ റെയില്‍, റോഡ് ബന്ധങ്ങള്‍ ഭാവിയില്‍ ഉറപ്പാവും.
തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന വാതക പൈപ്പ് ലൈന്‍ പദ്ധതി അംഗീകരിയ്ക്കപ്പെട്ടത് ദക്ഷിണേഷ്യയെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. കടല്‍ത്തീരമില്ലാത്ത രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയവയ്ക്ക് തുറമുഖങ്ങളുമായി ബന്ധപ്പെട്ട് വ്യാപാര സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ റെയില്‍, റോഡ് ബന്ധങ്ങള്‍ വിപുലമാക്കുന്നത് ഏറെ സഹായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha