ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..
സിവിലിയൻ പ്രവർത്തനങ്ങളുടെ മറവിൽ ചൈന ബഹിരാകാശത്തെ സൈനിക പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. ലോകത്തിന്റെ പല കോണുകളിലും യുദ്ധസാഹചര്യങ്ങൾ ഉയർന്നുവരുന്നു. എന്നാൽ ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന എന്നാണ് റിപ്പോർട്ട് . ഇത് ലോകത്തിലെ എല്ലാ പ്രധാന രാജ്യങ്ങളെയും ബാധിക്കും. ഇതിനായി അപകടകരമായ പദ്ധതിയാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്. ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ് ചൈനയെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ മേധാവി ബിൽ നെൽസന്റെ പ്രസ്താവന.ഇതുവരെ ആരും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ആ ഭാഗത്തേക്ക് പോകാനാണ് ചൈന പദ്ധതിയിടുന്നത്. നാസ മേധാവിയുടെ അഭിപ്രായത്തിൽ, ചന്ദ്രന്റെ എല്ലാ സമയത്തും ഇരുട്ടിൽ കിടക്കുന്ന പ്രദേശമാണിത്.
ചന്ദ്രന്റെ നിധികൾ സൂക്ഷിച്ചിരിക്കുന്ന പ്രദേശമാണിതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ, ചൈനയുടെ ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ മേധാവി സൂചിപ്പിക്കുന്നു.ചന്ദ്രനിൽ ഒരു സൈനിക താവളം നിർമ്മിക്കാൻ ചൈന ആഗ്രഹിക്കുന്നുവെന്നും ബിൽ നെൽസൺ പറയുന്നു . ചൈന ആദ്യം ചന്ദ്രനിൽ അടിത്തറ ഉണ്ടാക്കിയാൽ ആ ഭാഗങ്ങളിൽ ചൈന അവകാശവാദം പോലും ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രനിലെ ബഹിരാകാശ പദ്ധതിയിൽ മാത്രം ഒതുങ്ങാൻ ചൈന ഉദ്ദേശിക്കുന്നില്ലെന്നും നെൽസൺ പറഞ്ഞു.നാസയുടെ 2025-ലെ ബജറ്റ് സംബന്ധിച്ച ഹൗസ് അപ്രോപ്രിയേഷൻ കമ്മിറ്റിക്ക് മുമ്പാകെ സംസാരിച്ച നെൽസൺ, ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ രഹസ്യ സ്വഭാവം ഊന്നിപ്പറയുകയും അമേരിക്ക ചൈനയുമായി ബഹിരാകാശ മത്സരത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ബഹിരാകാശത്തെ ചൈനയുടെ പദ്ധതി പലതും ഒരു സൈനിക പ്രവർത്തനമാണെന്നും നാസ വ്യക്തമാക്കി. സമാധാനപരമായ കാര്യങ്ങൾക്കുള്ള മേഖലയായി ബഹിരാകാശം നിലനിർത്തുന്നതിൻ്റെ പ്രാധാന്യം ചൈന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണ ചൈനാ കടലിന്റെ കാര്യത്തിൽ ചൈന പുലർത്തുന്ന മനോഭാവം ബഹിരാകാശരംഗത്തും ചൈനയുടെ മനോഭാവം നല്ലതല്ലെന്ന് വ്യക്തമാക്കുന്നു . ചന്ദ്രന്റെ ഉത്തരധ്രുവത്തിൽ ഇതുവരെ നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ചന്ദ്രന്റെ യഥാർത്ഥ നിധി ദക്ഷിണധ്രുവത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണധ്രുവത്തിൽ ഹീലിയത്തിന്റെ ശേഖരം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ആണവോർജ്ജത്തിനായി ഉപയോഗിക്കാം. ഇതുകൂടാതെ, സ്കാൻഡിയം, യട്രിയം എന്നിവയുൾപ്പെടെയുള്ള അപൂർവ ലോഹങ്ങളും ചന്ദ്രനിലുണ്ട്. ഇന്ത്യയും ഇവിടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, അന്നുമുതൽ പല രാജ്യങ്ങളും ഇത് നിരീക്ഷിക്കുന്നു.
ചൈന സ്വന്തം നിലക്ക് അവരുടെ സ്പെയ്സ് സ്റ്റേഷനായ ടിയാൻഗോങ് പ്രവർത്തിപ്പിക്കുമെന്നുംഅതിൽ മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. നാസയുടെ സഹായത്തോടെ യൂറോപ്പ്, കാനഡ, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) നിലവിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ യുഎസിന് മുമ്പായി ചൈന ചന്ദ്രനിലേക്ക് എത്താനും ചാന്ദ്ര വിഭവങ്ങൾ കുത്തകയാക്കാനും സാധ്യതയുണ്ടെന്ന ആശങ്കയും നെൽസൺ പങ്കുവെച്ചു.അതേസമയം, മറുപടിയുമായി ചൈനയും രംഗത്തെത്തി. നെൽസൺ കൊളോണിയൽ മാനസികാവസ്ഥ പുലർത്തുന്നുവെന്നും അമേരിക്കയുടെ വിമർശനങ്ങൾ തള്ളുന്നുവെന്നും ചൈന തിരിച്ചടിച്ചു. നാസ, അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം, സുസ്ഥിര ചാന്ദ്ര താവളങ്ങൾ സ്ഥാപിക്കാനും 2026-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ ഇറക്കാനും ലക്ഷ്യമിടുന്നു. 2030-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്‌ക്കാനാണ് ചൈന പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha