കുറിവെച്ചത് ചൈനയ്ക്ക് യുദ്ധം തുടങ്ങാൻ ഇന്ത്യ തയ്യാർ എന്തുകൊണ്ട് ..?
26 റഫാൽ-മാരിടൈം സ്‌ട്രൈക്ക് വിമാനങ്ങൾ വാങ്ങുന്നതിനുള്ള അന്തിമ നടപടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഉടൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോയിങ്ങിൻ്റെ F/A-18 സൂപ്പർ ഹോർനെറ്റിനെ മറികടന്നാണ് ഈ യുദ്ധവിമാനങ്ങൾ തിരഞ്ഞെടുത്തത്. ദസാൾട്ട് ഏവിയേഷനാണ് റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്നത്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻസ് വിക്രാന്തിനായാണ് റഫാൽ വിമാനങ്ങൾ വാങ്ങുന്നത്.
ഏകദേശം ആറ് ബില്യൺ യൂറോ വിലയുള്ള റാഫേൽ-എംഎസ് വാങ്ങാനുള്ള തീരുമാനം ഇന്ത്യയുടെ നിലവിലുള്ള നാവിക നവീകരണത്തിലും വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും നിർണ്ണായകമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഐഎൻഎസ് വിക്രമാദിത്യ എന്ന മറ്റൊരു വിമാനവാഹിനിക്കപ്പൽ ഇന്ത്യക്കുണ്ട്. കാലപ്പഴക്കമുള്ള മിഗ്-29 വിമാനങ്ങൾ പറത്താനാകുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അതിനാലാണ് ഐഎൻഎസ് വിക്രാന്തിനായി ആധുനിക യുദ്ധവിമാനങ്ങൾ ഏറ്റെടുക്കുന്നത് തികച്ചും നിർണായകമായ നീക്കമായി വിലയിരുത്തപ്പെടുന്നത്.
നാവിക ശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യ
കുറഞ്ഞത് അര ഡസനോളം സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ നിർമ്മാണത്തിന് അംഗീകാരം നൽകുന്നതിനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ മൂന്ന് കൽവാരി ക്ലാസ് അന്തർവാഹിനികളും താമസിയാതെ ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാവും. യുഎസിൽ നിന്നുള്ള 31 MQ-9B പ്രെഡേറ്റർ ഡ്രോണുകൾ കൂടി എത്തുന്നതോടെ നാവികസേനയുടെ ആധുനികവൽക്കരണത്തിന് കൂടുതൽ ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാവിക വിഭാഗം കൂടുതൽ കരുത്താർജ്ജിക്കുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അവർ കൂടുതൽ ആക്രമണാത്മകമായി ഇടപെടുന്നതും കണക്കിലെടുത്താണ് ഡിഎസിയുടെ ഈ നീക്കങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വർഷത്തോളമായി റഫാൽ-എം ഇടപാടുമായി ബന്ധപ്പെട്ട വിലപേശൽ ചർച്ചകൾ നടക്കുകയാണ്. വില സംബന്ധിച്ച ഇന്ത്യയുടെ നിലപാടാണ് കരാർ വൈകാൻ കാരണം. കഴിയുന്നത്ര വിലകുറയ്ക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
തദ്ദേശീയ റഡാറിനും മിസൈലിനും വാദിച്ച് ഇന്ത്യ
റഫാൽ-എമ്മിൽ കുറഞ്ഞത് രണ്ട് തരം തദ്ദേശീയ ഉപകരണങ്ങളെങ്കിലും സംയോജിപ്പിക്കുന്നതിനായി ഇന്ത്യ മുൻഗണന നൽകിയതും കാലതാമസത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആദ്യത്തേത് തദ്ദേശീയമായി നിർമ്മിച്ച റഡാർ സംവിധാനവും രണ്ടാമത്തേത് തദ്ദേശീയമായി നിർമ്മിച്ച മിസൈൽ സംവിധാനവുമാണ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇലക്‌ട്രോണിക്‌സ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് (എൽആർഡിഇ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആക്ടീവ് ഇലക്‌ട്രോണിക് സ്‌കാൻഡ് അറേ (എഇഎസ്എ) റഡാറായ 'ഉത്തം' റഫേലിൽ ഘടിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിച്ചത്. യഥാർത്ഥത്തിൽ റാഫേൽ-എമ്മിൽ ഘടിപ്പിക്കുക തലേസ് വികസിപ്പിച്ചെടുത്ത എഇഎസ്എ റഡാറാണ്. ഇലക്ട്രോണിക് സ്കാനിംഗ് റഡാർ ഉപയോഗിക്കുന്ന ഏക യൂറോപ്യൻ യുദ്ധവിമാനം കൂടിയാണിത്. ഉയർന്ന റെസല്യൂഷനോടൊപ്പം മികച്ച ഡിറ്റക്ഷനും ട്രാക്കിംഗ് ശേഷിയും AESA റഡാറിനുണ്ട്. കൂടാതെ ബൈൻഡ് അവസ്ഥയിൽ ഓട്ടോ-പൈലറ്റ് കപ്പിൾഡ് നോഡുകളിൽ ചാർട്ട് ചെയ്യാത്ത ഭൂപ്രദേശത്തിന് മുകളിലൂടെ വളരെ താഴ്ന്ന ഉയരത്തിൽ പറക്കാനും ഇത് അനുവദിക്കുന്നു.
ഡിആർഡിഒ 'ഉത്തം' സ്വന്തം പതിപ്പ് വികസിപ്പിക്കുകയാണ്. AESA റഡാറിൻ്റെ അടിസ്ഥാന രൂപത്തിൽ 784 TR (ട്രാൻസ്മിറ്റ് ആൻഡ് റിസീവ്) ശേഷിയുള്ള മൊഡ്യൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കൂടുതൽ മെച്ചപ്പെട്ട ഡിസൈനുള്ള 968 TR ശേഷിയുള്ള മൊഡ്യൂളുകളിലേക്ക് ഇവ അപ്‌ഗ്രേഡ് ചെയ്തു. ഇതോടെ ഇവ മികച്ച റെസല്യൂഷനും വൈദ്യുതി ഉപഭോഗവും ഉറപ്പാക്കി. ഈ നിലയിൽ വികസിപ്പിച്ച ഉത്തം റഡാറുകൾ ഇന്ത്യയുടെ തേജസ് എംകെ1 യുദ്ധവിമാനത്തിനും വേണ്ടിയും നിർമ്മിക്കുന്നുണ്ട്.
ഭാവിയിൽ ഇതിലും ഉയർന്ന ടിആർ മൊഡ്യൂളുള്ള 'ഉത്തമി'ൻ്റെ കൂടുതൽ വിപുലമായ പതിപ്പും ഡിആർഡിഒ വികസിപ്പിക്കാൻ സാധ്യതയുണ്ട്. വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രൂപകല്പനയും. ഇവയെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മറ്റ് വിമാനങ്ങളുമായി സംയോജിപ്പിക്കാനുള്ള പദ്ധതികളും ഉള്ളതിനാലാണ് താൽസ് വികസിപ്പിച്ചെടുത്ത റഡാറിന് പകരം ഉത്തം എഇഎസ്എ റഡാറുകൾ റാഫേൽ-എംഎസുമായി സംയോജിപ്പിക്കാൻ ഇന്ത്യ ശ്രമിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി ഇത്തരത്തിലുള്ള സംയോജനം ചെലവേറിയതാണെന്ന് തെളിയുകയും പദ്ധതിയിൽ കാലതാമസമുണ്ടാകുകയും ചെയ്തതോടെ ആദ്യ ഡിമാൻ്റിൽ നിന്നും ഇന്ത്യ പിന്നോട്ടുപോയതായും റിപ്പോർട്ടുകളുണ്ട്. അന്തിമ ചർച്ചകൾ ഈയൊരു ഭാഗം ഒഴിവാക്കിയാണ് പുരോഗമിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റാഫേൽ -എംഎസിനെ 'അസ്ത്ര' മിസൈലുകളുമായി സംയോജിപ്പിക്കണമെന്നതാണ് ഇന്ത്യയുടെ രണ്ടാമത്തെ ആവശ്യം. ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) വിഭാഗത്തിൽ പെടുന്ന ആകാശത്ത് നിന്നും ആകാശത്തിലേയ്ക്ക് തൊടുക്കാവുന്ന ഇവ ഡിആർഡിഒ തദ്ദേശീയമായി രൂപകൽപ്പന ചെയ്തവയാണ്. 'അസ്ത്ര' മിസൈലുകളെ ഡിആർഡിഒ വികസിപ്പിച്ച നാൾവഴി പ്രധാനപ്പെട്ടതാണ്. പാശ്ചാത്യ രാജ്യങ്ങളെക്കാൾ സാങ്കേതികമായും സാമ്പത്തികമായും മികച്ചതായാണ് 'അസ്ത്ര' എം കെ 1,2, 3 എന്നിവ കണക്കാക്കപ്പെടുന്നത്. കരുത്തുറ്റ മിസൈലുകളും അവയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഈ മേഖലയിലെ ഇന്ത്യൻ മുന്നേറ്റത്തിൻ്റെ ചൂണ്ടുപലകയാകുന്നുണ്ട്. ഇന്ത്യ, പതിറ്റാണ്ടുകളായി സോവിയറ്റ്, റഷ്യൻ മിസൈലുകളെയാണ് ആശ്രയിച്ച് വരുന്നത്.
ഘട്ടംഘട്ടമായിട്ടായിരുന്നു ബിയോണ്ട് വിഷ്വൽ റേഞ്ച് വിഭാഗത്തിൽപ്പെടുന്ന 'അസ്ത്ര' എംകെ 1,2, 3 എന്നിവ ഇന്ത്യ വികസിപ്പിച്ചത്. സോളിഡ് ഫ്യൂവൽ ഡക്‌ടഡ് റാംജെറ്റ് (എസ്എഫ്‌ഡിആർ) പ്രൊപ്പൽഷൻ എഞ്ചിൻ ഉപയോഗിച്ച് 350 കിലോമീറ്റർ ദൂരപരിധിയുള്ള 'അസ്ത്ര' എംകെ -3 വികസിപ്പിച്ചത് ഡിആർഡിഒയുടെ ഗവേഷണ സംഘത്തിൻ്റെ വലിയ നേട്ടമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഇത് 'അസ്ത്ര' മിസൈലിനെ കൂടുതൽ ദൂരത്തിൽ നിന്നുള്ള ആകാശ ഭീഷണികളെ സൂപ്പർസോണിക് വേഗതയിൽ തടയാൻ പ്രാപ്തമാക്കി. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിട്ടുള്ള ആശയവിനിമയ സംവിധാനങ്ങളിലെ പുരോഗതിയെയും ഈ സാങ്കേതിക മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. DRDO ഒരു സോഫ്‌റ്റ്‌വെയർ ഡിഫൈൻഡ് നെറ്റ്‌വർക്ക് റേഡിയോ സിസ്റ്റം 'അസ്ത്രാ'സിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് 'അസ്ത്ര'യുടെ ടാർഗെറ്റ് ലോക്കിങ്ങും പ്രഹരശേഷിയും കൂടുതൽ മാരകവും കൃത്യവുമാക്കുന്നു. അത്തരമൊരു സോഫ്‌റ്റ്‌വെയർ ഡിഫൈൻഡ് നെറ്റ്‌വർക്ക് മിസൈൽ മറ്റൊരു വിമാനത്തിൽ നിന്ന് വിക്ഷേപിക്കാനും വേറൊരു വിമാനത്തിൽ നിന്ന് ട്രാക്കിങ്ങ് നടത്താനും സാധിക്കുന്നു. ഈ നിലയിലുള്ള സവിശേഷതകളെല്ലാമുള്ളതിനാലാണ് തദ്ദേശീയമായി നിർമ്മിച്ചെടുത്ത 'അസ്ത്ര' മിസൈലുകൾ റഫാൽ-എംഎസിൽ സ്ഥാപിക്കണമെന്ന് ഇന്ത്യ ശഠിക്കുന്നത്.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരാണ് ഫ്രാൻസ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ 33 ശതമാനവും ഫ്രാൻസിൽ നിന്നാണ് വാങ്ങുന്നത്. റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനെക്കാൾ മൂന്ന് ശതമാനം കൂടുതലാണ് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതി.
https://www.facebook.com/Malayalivartha