ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്

മധ്യപൂര്‍വ ദേശത്ത് ഇറാനെതിരായ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്. 'ലോകാവസാന മിസൈല്‍' എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു. ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാളും 20 ഇരട്ടിയാണിതിന്‍റെ പ്രഹരശേഷിയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് കലിഫോര്‍ണിയയിലെ വന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നും മിനിറ്റ്മാന്‍ III എയര്‍ ഫോഴ്സ് ഗ്ലോബല്‍ സ്ട്രൈക്ക് കമാന്‍ഡ് പരീക്ഷിച്ചത്.
അതേസമയം, മിസൈല്‍ പരീക്ഷിച്ചതും നിലവിലെ സംഘര്‍ഷവുമായി ബന്ധമില്ലെന്നും മുന്‍നിശ്ചയിച്ചത് പ്രകാരമാണ് പരീക്ഷണം നടന്നതെന്നുമാണ് യുഎസ് സ്പേസ് ഫോഴ്സിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ആയിരത്തിലേറെ മൈല്‍ സഞ്ചരിച്ച് മിസൈല്‍ മാര്‍ഷല്‍ ഐലന്‍ഡ്സിലെ നിശ്ചിത ലക്ഷ്യത്തിലെത്തിയെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. മിസൈല്‍ സംവിധാനത്തിലെ ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ GT 255 സഹായിച്ചുവെന്ന് 576–ാം ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രണ്‍ കമാന്‍ഡര്‍ ലഫ്റ്റന്‍റ് കേണല്‍ കാരീ റേ വ്യക്തമാക്കി. മിസൈലിന്‍റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ആയുധശേഖരത്തില്‍ നിര്‍ണായക മുതല്‍ക്കൂട്ടാകും മിനിറ്റ്മാന്‍ III. മണിക്കൂറില്‍ 15000 മൈല്‍ എന്ന വേഗതയില്‍ സഞ്ചരിക്കാന്‍ മിനിറ്റ്മാന് ശേഷിയുണ്ട്. അതായത് ഭൂഖണ്ഡം കടന്നെത്തിയും ശത്രുവിനെ തകര്‍ക്കാന്‍ കഴിവുണ്ടെന്ന് ചുരുക്കം. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി നടത്തിയ വിലയിരുത്തലായിരുന്നു ചൊവ്വാഴ്ചത്തെ പരീക്ഷണമെന്നും കൃത്യതയും വിശ്വാസ്യതയും ഉറപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും യുഎസ് സ്പേസ് ഫോഴ്സിന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. നവംബറില്‍ മിനിറ്റ്മാന്‍ III യുഎസ് നേരത്തേ പരീക്ഷിച്ചിരുന്നു. ഇത് വീണ്ടും ആവര്‍ത്തിച്ചതോടെ അമേരിക്കയുടെ ആണവ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചയും സജീവമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























