യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന്മുകളിലായി. ഇന്നലെ വ്യാപാരത്തിനിടെ മൂന്ന് ശതമാനത്തിന് മുകളില്‍ വില ഉയര്‍ന്നതോടെ 90.79 ഡോളര്‍ വരെയെത്തി.
കഴിഞ്ഞ ജൂണ്‍ പതിനൊന്നിന് ശേഷം ആദ്യമായാണ് ക്രൂഡ് വില 90 ഡോളറിന് മുകളിലെത്തുന്നത്. കഴിഞ്ഞയാഴ്ചയില്‍ 15.9 ശതമാനം വര്‍ധനയാണ് സംഭവിച്ചത്. ഡബ്ല്യുഐടിഐ ക്രൂഡിന്റെ വില 84 ഡോളറിലേക്കും ഉയര്‍ന്നു.
യുഎസ് ഇറാന്‍ സംഘര്‍ഷം ശക്തമായതോടെ ആഗോള എണ്ണവിതരണ ശൃംഖലയില്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയില്‍ വന്‍കിട നിക്ഷേപകര്‍ എണ്ണ വാങ്ങിക്കൂട്ടിയതോടെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില വര്‍ധനയ്ക്ക് കാരണമായത്.. യുഎസ് ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് 70 ഡോളറിന് താഴേക്ക് എണ്ണ വില കുറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ സിലിണ്ടറിന് വിലകുറച്ചു തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ക്രൂഡ് വില വര്‍ധിക്കുന്നത് ഇന്ധന വില കുറയ്ക്കാനുള്ള സാധ്യത ഇടിക്കും. എണ്ണ വില ഉയര്‍ന്നതോടെ ഏഷ്യന്‍ ഓഹരിവിപണികളെല്ലാം ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 442 പോയിന്റും നിഫ്റ്റി 95 പോയിന്റും ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങി ബാങ്കിങ് ഓഹരികളിലുണ്ടായ ശക്തമായ വിറ്റഴിക്കലും ഇന്ത്യന്‍ വിപണിയെ ഇന്നലെ ബാധിച്ചു.
അതേസമയം എണ്ണവില വര്‍ധനയും ഡോളറിന്റെ കരുത്തും രൂപയുടെ മൂല്യമിടിച്ചു. ഡോളറിനെതിരെ ഇന്നലെ പതിനാല് പൈസയാണ് നഷ്ടം. 95.44 ആണ് നിലവിലെ മൂല്യമുള്ളത്. ഡോളര്‍ ഇന്‍ഡക്‌സ് 100.80ന് മുകളിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ക്രൂഡ് ഇറക്കുമതി കുറഞ്ഞെങ്കിലും വില വര്‍ധനയെ തുടര്‍ന്ന് ഇറക്കുമതി ചെലവ് കുതിച്ചുയര്‍ന്നു.
https://www.facebook.com/Malayalivartha
























