മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം,പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി..പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി...

ശനിയാഴ്ച തിരുവണ്ണൂർവഴി പോയവരെല്ലാം മണിക്കൂറുകളോളം പെരുവഴിയിലായി. ഇത്രവലിയ ഗതാഗതക്കുരുക്കുണ്ടാക്കാൻമാത്രം ഏത് വി.ഐ.പിയാണ് സ്ഥലത്തെത്തിയതെന്ന് ചോദിച്ചാൽ ആളുകൾ ഒന്നടങ്കം ബൈപ്പാസിലെ മരത്തിനുമുകളിലേക്ക് വിരൽ ചൂണ്ടും. അവിടെ കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് നഗരക്കാഴ്ചകളെല്ലാംകണ്ട് ആസ്വദിച്ചിരിക്കുകയാണ് കൂറ്റനൊരു പെരുമ്പാമ്പ്.ക്ഷണിക്കപ്പെടാതെയെത്തിയ ഈ അതിഥിയാണ്’ നാട്ടുകാരെയും അധികൃതരെയും ഒരുപോലെ നട്ടംതിരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മരത്തിനുമുകളിൽ പാമ്പിനെ കണ്ടതോടെ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടി.കോഴിക്കോട് മീഞ്ചന്ത മിനി ബൈപാസിൽ തിരുവണ്ണൂർ പെട്രോൾ പമ്പിനു സമീപത്തെ മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി. 5 മണിക്കൂറിലേറെ 3 സേനകളും പരിശ്രമിച്ചിട്ടും പാമ്പിനെ മരത്തിൽ നിന്നിറക്കാനാകാതിരുന്നതിനെ തുടർന്ന് പാമ്പിന് കാവൽ ഏർപ്പെടുത്തി സേനാംഗങ്ങൾ പിൻമാറുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് മരത്തിനു മുകളിൽ പാമ്പിനെ കണ്ടത്. നാട്ടുകാരിൽ ചിലർ പെരുമ്പാമ്പിനെ കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും എത്തി, മരത്തിനു മുകളിലേക്ക് വെള്ളം ചീറ്റിച്ചും മറ്റും പെരുമ്പാമ്പിനെ നിലത്തിറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.എന്നാല്‍, സമയം ഏറെയായിട്ടും കൊമ്പിലൂടെ ഇഴഞ്ഞും തൂങ്ങിയും കളിക്കുന്നതല്ലാതെ താഴെയിറങ്ങാന്‍ അതിന് ഭാവമില്ലെന്നുകണ്ടതോടെ കൗതുകം ആശങ്കയ്ക്കുവഴിമാറി. ഇതിനടുത്തുതന്നെയുള്ള അമ്പലത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ പതിവിലും കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തും.
മാത്രമല്ല, വൈകീട്ട് ഘോഷയാത്ര കടന്നുപോകുന്നതും അതുവഴിയാണ്. ആ സമയത്ത് പെരുമ്പാമ്പ് താഴേക്കുവീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ.തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവരും പെരുമ്പാമ്പിനെ നിലത്തിറക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിൽ മരത്തിനു മുകളിലെ പെരുമ്പാമ്പിനെ കാണാൻ ബൈപാസിൽ വലിയ തോതിൽ ജനവും തടിച്ചുകൂടി. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കുമായി.
തിരുവണ്ണൂരിൽ ശൂരസംഹാര മഹോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാൽ വലിയ ജനക്കൂട്ടവും വെളിച്ചവും ഉണ്ടായിരുന്നതിനാലാണ് പെരുമ്പാമ്പ് മരത്തിൽ നിന്ന് ഇറങ്ങാതിരിക്കുന്നതെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ തൽക്കാലം ശ്രമം ഉപേക്ഷിച്ചത്. പെരുമ്പാമ്പിനെ നിരീക്ഷിക്കാൻ മരത്തിന് സമീപം ആളുകളെ നിയോഗിച്ചാണ് സേനകൾ രാത്രിയോടെ പിൻമാറിയത്.പിന്നീട് രാത്രി ഒരുമണിയോടെ പാമ്പിനെ താഴെയിറക്കി.
https://www.facebook.com/Malayalivartha
























