പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ..? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ്..

ചെന്നൈയിലെ പ്രമുഖ വ്യവസായിയുടെ വീടിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി പൊലീസ് നടത്തിയ ആറ് മണിക്കൂർ നീണ്ട പരിശോധനയിൽ സംഭവിച്ചതെന്ത്? വിശദാംശങ്ങളിലേക്ക്...പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമക്കേസിൽ (പോക്സോ കേസ്) ജെം ഗ്രാനൈറ്റ്സ് ചെയർമാൻ ആർ. വീരമണിക്കെതിരെ അന്വേഷണം മുറുകുകയാണ്. കേസിൽ ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) ആദ്യ കുറ്റപത്രം സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന ഈ നീക്കം നടന്നത്.
വീരമണിയുടെ ചെന്നൈ റോയപ്പേട്ടയിലുള്ള വസതിക്കുള്ളിൽപ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച വ്യാപകമായ ഖനനം നടത്തി. പോക്സോ കോടതി മജിസ്ട്രേറ്റിന് മുന്നിൽ അതിജീവിതയായ ഒരു പെൺകുട്ടി നൽകിയ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ ഈ അപ്രതീക്ഷിത നീക്കം. വീടിനുള്ളിൽ ഒരു പെൺകുട്ടിയെ കുഴിച്ചുമൂടിയതായി താൻ കേട്ടിട്ടുണ്ടെന്ന് മറ്റൊരു അതിജീവിതയും കോടതിയിൽ മൊഴി നൽകിയിരുന്നു.
ഇതേത്തുടർന്ന്, കനത്ത സുരക്ഷയിലും സംഘർഷാവസ്ഥയിലും മണ്ണുമാന്തി യന്ത്രങ്ങൾEarthmover) ഉപയോഗിച്ച് വീടിന്റെ വളപ്പിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിന്ന ഈ പരിശോധന പ്രദേശത്ത് വലിയ ആകാംക്ഷയും ആശങ്കയുമാണ് സൃഷ്ടിച്ചത്. എന്നാൽ, ആറ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനോ പിടിച്ചെടുക്കാനോ പൊലീസിന് സാധിച്ചില്ല. പരിശോധന പൂർത്തിയായ ശേഷം തഹസിൽദാർ കുടുംബത്തിന് കൈമാറിയ ഔദ്യോഗിക രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വീരമണിയുടെ മുൻ ഡ്രൈവർ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിന് സമീപത്തേക്ക് പോകരുതെന്ന് പറഞ്ഞ് താൻ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാൾ സമ്മതിച്ചു. എന്നാൽ, അവിടെ ഏതെങ്കിലും പെൺകുട്ടിയെ കുഴിച്ചുമൂടിയതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.കുട്ടികളെ വീരമണിക്കു മുന്നിൽ എത്തിച്ചതിൽ പ്രധാനിയാണു ഡ്രൈവർ. പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശ്മശാനമാണു വീരമണിയുടെ വീടെന്നായിരുന്നു മൊഴി.
അതിജീവിതകളായ രണ്ട് പെൺകുട്ടികളുടെ മൊഴികൾ, മുൻ ഡ്രൈവർ ബാലയുടെ വെളിപ്പെടുത്തൽ, ഒപ്പം 2004-ൽ രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാ പ്രേരണാക്കേസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ചെന്നൈ റോയപ്പേട്ടയിലുള്ള വീരമണിയുടെ വസതിയിൽപ്രത്യേക അന്വേഷണ സംഘം (SIT) ഖനനം നടത്തിയത്.രാവിലെ പത്തരയോടെയാണ് നാടകീയമായ പരിശോധനകൾ ആരംഭിച്ചത്. എസ്.ഐ.ടി അംഗങ്ങൾ, ഫോറൻസിക് വിദഗ്ധർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന മുപ്പതോളം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഒരു മൊബൈൽ ഫോറൻസിക് ലബോറട്ടറിയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
വീടിന്റെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്വിമ്മിംഗ് പൂൾ മണ്ണുമാന്തി യന്ത്രം (Excavator) ഉപയോഗിച്ച് കുഴിച്ചു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഏകദേശം എട്ടടി താഴ്ചയുള്ള സ്വിമ്മിംഗ് പൂൾ, പത്തടിയിലധികം ആഴത്തിൽ കുഴിച്ചു പരിശോധിച്ചതായാണ് വിവരം. വീടിന് പുറത്ത് മാധ്യമങ്ങളും ജനങ്ങളും തടിച്ചുകൂടിയതോടെ വലിയ സംഘർഷാവസ്ഥയും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രാദേശിക പൊലീസിനെയും വിന്യസിച്ചിരുന്നു.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല.
വെറുംകൈയോടെ മടങ്ങേണ്ടി വന്നെങ്കിലും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു തരത്തിലുള്ള സംശയങ്ങൾക്കും ഇടനൽകാതിരിക്കാനാണ് ഇത്തരമൊരു പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി
https://www.facebook.com/Malayalivartha























