ലോകം വിറയ്ക്കുന്ന നീക്കം,ഒരേ വേദിയിൽ വൻശക്തികൾ..യുദ്ധങ്ങൾ അവസാനിക്കുമോ..?,ഇന്ത്യയ്ക്കും നെഞ്ചിടിപ്പ്..നവംബർ 18,19 തീയതികളിലാണ് കൂടിക്കാഴ്ച..

സാമ്പത്തിക മേഖലയുടെ നെഞ്ചിടിപ്പേറ്റി നിർണായക കൂടിക്കാഴ്ച. ലോകത്തിലെ മൂന്ന് വൻ സാമ്പത്തിക ശക്തികൾ ഒത്തുകൂടുന്നതാണ് ഈ ആഴ്ച നിക്ഷേപകരുടെ നെഞ്ചിടിപ്പേറ്റുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിൻ എന്നിവർ നവംബർ 18,19 തീയതികളിലാണ് കൂടിക്കാഴ്ച നടത്തുക. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെ ഷെൻഷെനിലാണ് യോഗം നടക്കുക. യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങൾ, ആണവായുധ നിയന്ത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി ലോകം നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.
യോഗത്തിന്റെ അജണ്ട മൂന്നു നേതാക്കളും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം ആവശ്യങ്ങൾ നടത്തിയെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് 3 നേതാക്കളും വരാൻ സാധ്യതയെന്നും വിദഗ്ധർ പറയുന്നു. ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളുണ്ടായാൽ രാജ്യാന്തര സാമ്പത്തിക മേഖലയ്ക്ക് ഉണർവാകും. ക്രൂഡോയിൽ വില ഇടിയും. പണപ്പെരുപ്പ ഭീഷണി കുറയും. ഓഹരി വിപണികൾക്കും കുതിപ്പാകും. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ സംബന്ധിച്ച ചർച്ചകളും സാമ്പത്തിക മേഖലയിൽ മാറ്റങ്ങളുണ്ടാക്കും.ആണവായുധ ശേഖരത്തിന്റെ നിയന്ത്രണവും ഇറാനുമായുള്ള യുദ്ധവുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളെന്നാണ് സൂചന.
വാഷിങ്ടണും മോസ്കോയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് (New START) ഈ വർഷം ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുന്നത്. ആണവായുധ ശേഖരത്തിന് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ പുതിയ കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനാണ് ട്രംപിന്റെ താൽപര്യം. റഷ്യയുടെ കൈവശമാണ് നിലവിൽ ഏറ്റവും കൂടുതൽ ആണവ പോർമുനകളുള്ളത്. തൊട്ടുപിന്നിൽ അമേരിക്കയും മൂന്നാം സ്ഥാനത്ത് ചൈനയുമാണെന്നാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.
ചൈനയെയും ഉൾപ്പെടുത്തി പുതിയതും പരിഷ്കരിച്ചതുമായ ആണവായുധ നിയന്ത്രണ കരാർ വേണമെന്നാണ് ട്രംപിന്റെ നിലപാട്.എന്നാൽ ഷെൻഷെനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉടനടി കരാറുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇത് ചർച്ചകൾക്ക് തുടക്കമിടുക മാത്രമായിരിക്കുമെന്നും യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.ഇറാൻ യുദ്ധം സംബന്ധിച്ച് ഷി ജിൻപിങ്ങുമായും പുടിനുമായും ട്രംപ് സംസാരിക്കും.
https://www.facebook.com/Malayalivartha

























