സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് 3 വര്‍ഷം

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷത്തോളം ഫ്രീസറില്‍ ഒളിപ്പിച്ചുവെച്ചയാള്‍ക്ക് ജയില്‍ശിക്ഷ വിധിച്ച യു.കെ കോടതി. സൗത്ത് വെയ്ല്‍സിലെ പോര്‍ത്ത്‌കോളില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഫിലിപ്‌സ് (60) എന്നയാള്‍ക്കാണ് കോടതി രണ്ട് വര്‍ഷവും നാല് മാസവും ശിക്ഷ വിധിച്ചത്. സാമ്പത്തിക തട്ടിപ്പിനുവേണ്ടിയാണ് അമ്മയുടെ മരണം പുറത്തറിയിക്കാതെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനും മൃതദേഹം ശരിയായി അടക്കംചെയ്യാതിരുന്നതിനും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനായി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് കോടതി ക്രിസ്റ്റഫറിനെ ശിക്ഷിച്ചത്.
ക്രിസ്റ്റഫറിന്റെ അമ്മ സില്‍വിയ ഫിലിപ്‌സ് 2023 മാര്‍ച്ചിലാണ് മരിച്ചത്. എന്നാല്‍, വിവരം അധികൃതരെ അറിയിക്കാതെ ക്രിസ്റ്റഫര്‍ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പേരിലുള്ള പെന്‍ഷനും ക്ഷേമ പദ്ധതികള്‍, ഭവനപദ്ധതി, മറ്റു സര്‍ക്കാര്‍ സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങളും കൈപ്പറ്റുകയായിരുന്നു. ഈ മൂന്ന് വര്‍ഷത്തിനിടെ 78,190 പൗണ്ട് (ഏകദേശം ഒരു കോടി രൂപ) ഇങ്ങനെ കൈക്കലാക്കി. അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇയാള്‍ അനധികൃതമായി ഉപയോഗിച്ചിരുന്നതായും കോടതി കണ്ടെത്തി.
സില്‍വിയ ഫിലിപ്‌സിനെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഇവരുടെ ഡോക്ടര്‍മാര്‍ ആണ് 2026 ഫെബ്രുവരിയില്‍ പോലീസില്‍ വിവരമറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ അമ്മ ബന്ധുക്കളോടൊപ്പം ലണ്ടനിലാണെന്നാണ് ക്രിസ്റ്റഫര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇയാളെ ചോദ്യംചെയ്തതോടെ പോലീസിന് സംശയം തോന്നുകയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറിനുള്ളില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വര്‍ഷങ്ങളോളം അമ്മയെ പരിചരിച്ചത് താനാണെന്നും അമ്മയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും അവരെ വിട്ടുപിരിയാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു.
https://www.facebook.com/Malayalivartha
























