ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി

യൂറോപ്പ് കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവിലാണെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ബാര്‍ട് ഡി വെവര്‍. ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് വര്‍ധിച്ചുവന്ന പശ്ചാത്തലത്തില്‍ ഈ അപകടസാധ്യതകളെക്കുറിച്ച് യൂറോപ്പ് സ്വയം തിരിച്ചറിയുന്നതിന് വളരെ മുമ്പ് തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഡി വെവര്‍.
കുറഞ്ഞ വിലയിലുള്ള വിദേശ ഉല്‍പ്പന്നങ്ങള്‍ സ്വന്തം വിപണിയിലേക്ക് ഒഴുകാന്‍ യൂറോപ്പ് അനുമതി നല്‍കിയെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത് ആഭ്യന്തര വ്യവസായങ്ങളെ തകര്‍ക്കുകയും ബാഹ്യ വിതരണക്കാരെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് യൂറോപ്പിനെ എത്തിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കുറഞ്ഞ വിലയുള്ള വിദേശസാധനങ്ങള്‍ യൂറോപ്യന്‍ വിപണിയില്‍ എത്തിയത് പ്രാദേശികവ്യവസായങ്ങളെ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങള്‍ ഇവിടെ വിറ്റഴിച്ചത്. വ്യാവസായിക അടിത്തറ തകരുകയും പിന്നീട് സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തക്കവണ്ണം ആശ്രിതത്വം ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തത് വളരെക്കാലമായി യൂറോപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ബാര്‍ട്ട് ഡി വേവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പുകള്‍ അന്ന് യൂറോപ്പ് അവഗണിച്ചുവെന്നും വേവര്‍ പറഞ്ഞു. സുരക്ഷിതമല്ലാത്ത ഈ ആഗോളസാഹചര്യത്തില്‍ ഇന്ത്യ വിശ്വസ്ത പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ബെല്‍ജിയത്തിന്റെ മുന്‍ഗണനാപട്ടികയില്‍ ഒന്നാമത് ഇന്ത്യയാണ്. വ്യാപാരനയങ്ങള്‍ പെട്ടെന്ന് മാറ്റുന്ന രാജ്യങ്ങളെ വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപ്രധാനബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ബെല്‍ജിയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാന് പ്രധാന പ്രതിരോധോപകരണങ്ങള്‍ നല്‍കില്ലെന്ന് ബെല്‍ജിയം ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള പ്രതിരോധസഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ബെല്‍ജിയം സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ സൈനികോപകരണങ്ങള്‍ സംയുക്തമായി നിര്‍മിക്കും. ഇരുരാജ്യങ്ങളിലെയും പ്രതിരോധസ്ഥാപനങ്ങള്‍തമ്മില്‍ 10 കരാറുകളില്‍ ഒപ്പുവെച്ചു. റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസാമഗ്രികളുടെ നിര്‍മാണം ഇതില്‍ ഉള്‍പ്പെടുന്നു. സൈനികപരിശീലനവും രഹസ്യാന്വേഷണവിവരങ്ങള്‍ പങ്കുവെക്കലും ശക്തമാക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha



























