പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു

പോളണ്ടിലെ ഡാന്‍സിഗില്‍ വന്‍ ട്രെയിന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി. 300ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍, ലെവല്‍ ക്രോസിങില്‍ കുടുങ്ങിയ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് പൂര്‍ണമായി തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. തകര്‍ന്ന ട്രക്കിന്റെ അവശിഷ്ടങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ട്രാക്കില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
റെയില്‍വേ ക്രോസിങ് കടക്കുന്നതിനിടെ ട്രാക്കില്‍ കുടുങ്ങിപ്പോയ വലിയ ലോറിയിലേക്ക് പൂര്‍ണ വേഗതയില്‍ പാഞ്ഞെത്തിയ ട്രെയിന്‍ നിയന്ത്രിക്കാന്‍ ലോക്കോ പൈലറ്റിന് സാധിച്ചില്ല. നിമിഷങ്ങള്‍ക്കകം ലോറിയെ ഇടിച്ച് തെറിപ്പിച്ചുകൊണ്ട് ട്രെയിന്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. വന്‍ ദുരന്തം ഒഴിവായെങ്കിലും യാത്രക്കാരില്‍ ചിലര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരങ്ങള്‍. വിവരമറിഞ്ഞ് വന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് സന്നാഹം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
റെയില്‍വേ ക്രോസിങിലെ സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ പാളിച്ചയാണോ അതോ ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്നതില്‍ പോളണ്ട് പൊലീസും റെയില്‍വേ സുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























