മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..

മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ വിചാരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 10-ന് (അമേരിക്കന്‍ സമയം) കേസ് കോടതി പരിഗണിച്ചപ്പോള്‍, കേസില്‍ ആദ്യ ഹിയറിങ് പൂര്‍ത്തിയായി. പ്രതിയായ അനില ബേബിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തിയ അനില, തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്.
സായുധരായ പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് ഇവരെ കോടതി മുറിയില്‍ എത്തിച്ചത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ കോടതി, കേസ് വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു. അതുവരെ പ്രതി സാന്‍ ക്ലാര ജയിലില്‍ തന്നെ തുടരും.മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ക്രൂരമായ രണ്ടു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നതെന്നും, ഒന്നാം ഡിഗ്രി മര്‍ഡര്‍ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുറഞ്ഞത് 50 വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണിത്.
പ്രഥമദൃഷ്ട്യാ തെളിവുകള്‍ ശക്തമായതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.വളരെ ചെലവേറിയ നിയമനടപടികളായതിനാല്‍ പ്രതി വക്കീലിനെ നിയമിക്കില്ലെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി ക്രിമിനല്‍ അഭിഭാഷകന്‍ അറ്റോണി ഷോണ്‍ മാത്യൂ ജോര്‍ജാണ് അനില ബേബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. നിയമവ്യവസ്ഥ പ്രകാരം പ്രതിഭാഗത്തിന് അഭിഭാഷകനെ വെയ്ക്കാനുള്ള അവകാശമുള്ളതിനാല്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പ്രതിഭാഗം തങ്ങളുടെ നിലപാടുകള്‍ അറിയിച്ചത്.
ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോണി മറീസ മക്കോയിനാണ് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും എന്തിനാണ് അടുത്ത സുഹൃത്തുക്കളായ രണ്ടുപേരെ പ്രതി ഇത്രയും ദാരുണമായി വധിച്ചതെന്ന കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വിചാരണവേളയില്‍ തുറന്നുസമ്മതിച്ചു.
https://www.facebook.com/Malayalivartha


























