ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍

സൈനിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുകയും ഇറാന്‍ തുറമുഖങ്ങളുടെ ഉപരോധം അമേരിക്ക പിന്‍വലിക്കാന്‍ തയാറാവുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് ഇറാന്‍. പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചു.
തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും കപ്പല്‍ ഗതാഗതത്തിലെ തടസവും കാരണം ക്രൂഡ് ഓയില്‍ കയറ്റുമതി നിലച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇറാന്റെ നയമാറ്റം. പുതിയ നിര്‍ദ്ദേശത്തിന് പരമാധികാരി ആയത്തുള്ള മൊജ്തബ ഖമേനിയുടെയും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഇറാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയായ 'ക്യോഡോ'യോട് വ്യക്തമാക്കി.
യു.എന്‍ പൊതുസമ്മേളന വേദിയില്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു. അതേസമയം,? ആവശ്യമാണെങ്കില്‍ ഇറാനിയന്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഏപ്രിലില്‍ പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ജൂണില്‍ ഇരുരാജ്യങ്ങളും 'ഇസ്ലാമാബാദ് ധാരണാപത്രത്തില്‍' ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പരസ്പരം ആക്രമണങ്ങള്‍ പുനഃരാരംഭിച്ചതോടെ യു.എസ് ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുകയും, ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയുമായിരുന്നു. നിലവിലെ നിര്‍ദേശം മദ്ധ്യസ്ഥര്‍ മുഖേനയാണ് ഇറാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് കൈമാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























