സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍

സൗദി അറേബ്യയ്ക്ക് പിന്തുണ നല്‍കുകയോ ബാബ് എല്‍ മന്ദേബ് കടലിടുക്കില്‍ ഇടപെടുകയോ ചെയ്താല്‍ അമേരിക്കയെയും അവര്‍ക്ക് താല്‍പര്യമുള്ള ഇടങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പുമായി ഹൂതികള്‍. 'സൗദിയുടെ വ്യോമാക്രമണങ്ങള്‍ക്കോ അതിന് പിന്തുണ നല്‍കുന്നതിനോ അമേരിക്ക ശ്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ചുറ്റുമുള്ള അമേരിക്കയുടെ ഏത് താല്‍പര്യമുള്ളയിടവും ഞങ്ങള്‍ ലക്ഷ്യമിടും.' ഹൂതി സൈനിക ഉപദേഷ്ടാവ് അബെദ് മുഹമ്മദ് അല്‍ തവര്‍ പറഞ്ഞു,
ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് എല്‍ മന്ദേബ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് സൗദിക്ക് അമേരിക്കന്‍ പിന്തുണ നല്‍കുന്നതും ചര്‍ച്ചയായത്. 2022ല്‍ സൗദിയും യമനിലെ ഹൂതികളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പൊളിഞ്ഞതിന് പിന്നാലെയാണ് ഹൂതി സൈനിക ഉപദേഷ്ടാവിന്റെ പ്രസ്താവന. ഹൊര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ പിടിമുറുക്കിയതോടെ ചരക്കുഗതാഗതം തകരാറിലായ സൗദിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ബാബ് എല്‍ മന്ദേബ് ഹൂതികള്‍ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിക്ക് ഇതോടെ തലവേദന ഇരട്ടിയായി.
പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം തേടി. യമനില്‍ നിലവിലുള്ള സൗദി പിന്തുണയുള്ള സര്‍ക്കാരും അമേരിക്കയോട് സഹായാഭ്യര്‍ത്ഥന നടത്തിയിരുന്നു. അമേരിക്ക പിന്തുണയ്ക്കുമോ എന്നത് വ്യക്തമാകും മുന്‍പ് അത്തരം നടപടിയുണ്ടായാല്‍ ബാബ് എല്‍ മന്ദേബ് അമേരിക്കന്‍ കപ്പലുകള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഹൂതികള്‍ പറയുന്നത്. ഇറാന്‍ തങ്ങളുടെ സൗഹൃദ, സഹോദര രാജ്യമാണെന്നും അവര്‍ പക്ഷെ തങ്ങളെ നിയന്ത്രിക്കാറില്ലെന്നും ഹൂതികള്‍ പറയുന്നു. തീരുമാനങ്ങളെടുക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ഹൂതികളുടെ വാദം.
2022ലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് സൗദി പിന്മാറാന്‍ കാരണം സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ഹൂതികള്‍ അനുവദിച്ചതായിരുന്നു. തുടര്‍ന്ന് സൗദി വിമാനത്താവളത്തിന്റെ പാതയില്‍ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടി നല്‍കിയ ഹൂതികള്‍ ചെങ്കടലിലെ തീരമടക്കം പിടിച്ചടക്കുകയും വൈകാതെ ബാബ് എല്‍ മന്ദേബ് കൈപ്പിടിയിലാക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























