തുര്‍ക്കി വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലുണ്ടായ വന്‍ ചാവേര്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ചാവേറുകളാണ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണു സംഭവമുണ്ടായത്. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
ഇസ്താംബൂളിലെ അറ്റാടര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 100 ലേറെപ്പേര്‍ക്കു പരിക്കേറ്റതായാണു വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു സൂചനകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്നു വിമാനത്താവളം അടച്ചു. ഇവിടേക്കു വരുന്ന വിമാനങ്ങള്‍ ഇസ്മീര്‍, തുര്‍ക്കി തലസ്ഥാനമായ അങ്കാറ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതരായി അവിടെ നിന്നും മാറ്റിയെന്നാണു വിവരങ്ങള്‍.
കഴിഞ്ഞ മാസമാദ്യം സെന്‍ട്രല്‍ ഇസ്താംബൂളില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദിഷ് റിബലുകളും ഐഎസും ഇടതു തീവ്രവാദികളും നേരത്തെ പലതവണ തുര്‍ക്കിയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ രാജ്യതലസ്ഥാനമായ അങ്കാറയില്‍ കുര്‍ദിഷ് തീവ്രവാദികള്‍ രണ്ടാക്രമണങ്ങള്‍ നടത്തി. ഇസ്താംബൂളില്‍ ഐഎസും രണ്ടു ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























