പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പ്രതികാരമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാക് സര്‍ക്കാര്‍ പുറത്താക്കി

പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ്ങിനെ പാക് സര്‍ക്കാര്‍ പുറത്താക്കി. ചാരപ്രവര്‍ത്തിക്ക് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. ശനിയാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടണമെന്നും അദ്ദേഹത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി, ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. സുര്‍ജിത് സിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ച പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരി, സുര്‍ജിത് വിയന്ന കണ്‍വെന്‍ഷന്റെ നയതന്ത്ര നിയമം ലംഘിച്ചുവെന്നും ആരോപിച്ചു.
പാക് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മെഹമൂദ് അക്തറിനെയാണ് ചാരവൃത്തി ആരോപിച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
https://www.facebook.com/Malayalivartha


























