ഇന്ത്യയ്‌ക്കെതിരെ പാക്ക് സൈന്യം മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍, ഇന്ത്യയിലെ വരും തലമുറകള്‍പോലും ഓര്‍ത്തിരിക്കുമെന്ന് മുന്നറിയിപ്പ്...

ഇന്ത്യയ്‌ക്കെതിരെ പാക്ക് സൈന്യം ഒരു മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍, ഇന്ത്യയിലെ വരും തലമുറകള്‍പോലും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും അതെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ മുന്നറിയിപ്പ്. എതിര്‍പാളയത്തില്‍ നിന്നുള്ള ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാന്‍ പാക്ക് സൈന്യം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക മേധാവി പദവി ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യയ്‌ക്കെതിരായ പ്രകോപനപരമായ പരാമര്‍ശങ്ങളുമായുള്ള റഹീല്‍ ഷരീഫിന്റെ രംഗപ്രവേശം.
അത്തരമൊരു ആക്രമണം പാക്കിസ്ഥാന്‍ നടത്തിയാല്‍, എന്താണ് മിന്നലാക്രമണമെന്നതിന്റെ ഉദാഹരണമായി ഇന്ത്യന്‍ സ്‌കൂളുകളില്‍പോലും പഠിപ്പിക്കുന്നതിന് അവരുടെ സിലബസുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒന്നായിരിക്കും അതെന്നും ജനറല്‍ റഹീല്‍ ഷരീഫ് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നുചെന്ന് പാക്ക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം വീണ്ടും തള്ളിക്കളഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ ഒരു പാഠം പഠിപ്പിക്കുന്നതിന് പാക്ക് സൈന്യത്തിന് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഖൈബറിലെ ഗോത്രമേഖലയില്‍ മുന്‍ പാക്ക് താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു ജനറല്‍ ഷരീഫ്.
മുന്‍കൂട്ടി തീരുമാനിച്ചിരുന്നതുപോലെ, മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി നവംബര്‍ 29ന് തന്നെ താന്‍ വിരമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിനായി ജീവത്യാഗം നടത്തിയ സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായിട്ടായിരിക്കും തന്റെ ശിഷ്ടകാല ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന എതിര്‍രാജ്യത്തിന്റെ ശൈലി വച്ചുപൊറുപ്പിക്കില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പാക്കിസ്ഥാനിലെ പൊതുഗതാഗത സംവിധാനത്തെയും ആംബുലന്‍സുകളെയും ലക്ഷ്യമിടുന്നതും അംഗീകരിക്കില്ല. സ്വാതന്ത്ര്യത്തിനായുള്ള കശ്മീര്‍ ജനതയുടെ പോരാട്ടത്തില്‍ അവരെ ഒരിക്കലും കൈവിടില്ലെന്നും നവാസ് ഷരീഫ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















