ട്രംപ്- ഷെരീഫ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ്

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണം പാക്കിസ്ഥാന്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉപദേഷ്ടാക്കളുടെ സംഘം. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്നുള്ള ട്രംപിന്റെ വാക്കുകള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കി. പാക്കിസ്ഥാനെ വിമര്‍ശിച്ച സംഘം, ട്രംപും ഷെരീഫും തമ്മില്‍ ഫലപ്രദമായ ചര്‍ച്ച നടന്നുവെന്നും വ്യക്തമാക്കി.
ട്രംപ് ഉദ്ദേശിച്ചതിലും അധികം കാര്യങ്ങളാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ട വാര്‍ത്തകളിലുള്ളതെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളില്‍ ഒരാള്‍ പറഞ്ഞു. ട്രംപും ഷെരീഫും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടരുതായിരുന്നുവെന്ന് വൈറ്റ് ഹൗസ് മുന്‍ പ്രസ് സെക്രട്ടറി ഫ്‌ലെയ്ച്ചര്‍ പറഞ്ഞു.
വിദേശനേതാക്കള്‍ ആരെങ്കിലും പ്രസിഡന്റുമായി ചര്‍ച്ച നടത്തിയാല്‍ അതേക്കുറിച്ചള്ള വിവരങ്ങള്‍ പുറത്തുവിടാറില്ല. പ്രസിഡന്റ് എന്താണോ പറഞ്ഞത് അതുമാത്രമാണ് പുറത്തുവിടാറുള്ളത്. പാക്കിസ്ഥാന്റെ നടപടി നയതന്ത്ര പ്രൊട്ടോക്കോളിനും തലമുറകളായി തുടര്‍ന്നുവരുന്ന പതിവിനും എതിരാണെന്നും ഫ്‌ലെയ്ച്ചര്‍ വ്യക്തമാക്കി. ജോര്‍ജ് ഡബ്യൂ. ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറിയായിരുന്നു ഫ്‌ലെയ്ച്ചര്‍. ട്രംപുമായും അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ട്രംപും ഷെരീഫും നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിനെതിരെ യുഎസ് മാധ്യമങ്ങളും രംഗത്തെത്തി.
https://www.facebook.com/Malayalivartha























