ട്രംപിന്റെ ഒരു ട്വീറ്റ്; ലോക്ഹീഡ് മാര്‍ട്ടിന് നഷ്ടമായത് 23,646 കോടി രൂപ

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ വാക്കുകള്‍ ആകാംക്ഷയോടെയാണ് ലോകവും രാജ്യവും ഉറ്റുനോക്കുന്നത്. ട്രംപിന്റെ വാക്കുകള്‍ അമേരിക്കയുടെ വരുംകാല നയങ്ങളും നിലപാടുകളുമാണ്. അതിനാല്‍ ട്രംപിന്റെ വാക്കുകള്‍ പലകമ്പനികള്‍ക്കും ഇതിനോടകം വന്‍തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് ട്രംപിന്റെ വാക്കുകളുടെ ചൂടറിഞ്ഞത്. ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് ചെലവ് കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 350 കോടി ഡോളറിന്റെ (ഏകദേശം 23,646 കോടി രൂപ) ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിപണി ആരംഭിച്ചപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവാണ് ഓഹരിയില്‍ ഉണ്ടായത്. വ്യാപാരം അവസാനിക്കുന്നതിന് മുന്‍പ് ഇത് 2 ശതമാനമാക്കാന്‍ കമ്പനിക്ക് സാധിച്ചു. എങ്കിലും ട്രംപിന്റെ നിലപാടുകള്‍ വരും കാലങ്ങളില്‍ കമ്പനിയുടെ നടപടികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ട്രംപിന്റെ നിലപാടുകള്‍ക്കൊത്ത് കമ്പനിക്ക് തങ്ങളുടെ ചെലവ് വലിയ തോതില്‍ ചുരുക്കേണ്ടിവരും. വിമാന നിര്‍മാണ ചെലവ് നേരത്തെ ഉണ്ടായിരുന്ന 70 ശതമാനത്തില്‍ നിന്നും 60 ശതമാനമായി കുറയ്ക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ വക്താവ് ബില്‍ ഫെല്‍പ്‌സ് പറഞ്ഞു. നിയുക്ത പ്രസിഡന്റിന്റെ സംശയങ്ങള്‍ ദുരീകരിക്കാനുള്ള എല്ലാ അവസരങ്ങളേയും തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പാണ് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ലോക്ഹീഡ് മാര്‍ട്ടിനുമായി ഒപ്പിട്ടത്.
https://www.facebook.com/Malayalivartha






















