സ്വന്തം ഭാര്യയുടെയും പെണ്‍കുഞ്ഞിന്റെയും സഹോദരിയുടെയും മാനം കാക്കാനുള്ള ഒരേയൊരു പോംവഴി അവരെ കൊന്നുകളയുക എന്നതണെന്നും അതിനു നിയമം അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ആലെപ്പോയിലെ പുരുഷന്മാര്‍

സ്വന്തം ഭാര്യയുടെയും പെണ്‍കുഞ്ഞിന്റെയും സഹോദരിയുടെയും മാനം കാക്കാനുള്ള ഒരേയൊരു പോംവഴി അവരെ കൊന്നുകളയുക എന്നതണെന്നും അതിനു നിയമം അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ആലെപ്പോയിലെ പുരുഷന്മാര്‍ മതപണ്ഡിതരെ സമീപിക്കുന്ന വാര്‍ത്തയാണ് യുദ്ധഭൂമിയില്‍ നിന്നു പുറത്തുവരുന്നത്. സിറിയന്‍ സൈന്യത്തിന്റെ കൈയാല്‍ ബലാല്‍ക്കാരം ചെയ്യപ്പെടുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്നു തീരുമാനിച്ചുറപ്പിച്ച കുറേയേറെ പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനൊടൊപ്പം വാര്‍ത്തയായിട്ടുണ്ട്.
യുദ്ധഭൂമിയില്‍ പിറന്നുവീണതുകൊണ്ടു മാത്രം ബാല്യത്തിന്റെ കൗതുകങ്ങള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അവര്‍ മുതിരുന്നതോടെ നഷ്ടമാവുന്നത് ചാരിത്ര്യം കൂടിയാണ്. സ്വന്തം അച്ഛന്റെയും സഹോദരന്റെയും ഭര്‍ത്താവിന്റെയും മുന്നില്‍വെച്ച് കാമഭ്രാന്തന്മാരായ സൈന്യം പെണ്ണുടുലുകളെ പിച്ചിച്ചീന്തുന്നതു കണ്ടുനില്‍ക്കാന്‍ കെല്‍പില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ആത്മഹത്യാകുറിപ്പെഴുതി സ്വയം മരണം വരിക്കുന്ന പെണ്‍കുട്ടികളും സ്വന്തം കണ്‍മുന്നില്‍ വെച്ച് ഭാര്യയുടെയും പെങ്ങളുടെയും മകളുടെയും മാനം നശിപ്പിക്കപ്പെടുന്നതു കണ്ടു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ അവരെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പുരുഷന്മാരും രംഗത്തുവന്നതോടെ യുദ്ധഭൂമിയിലെ അരാജകത്വത്തിന്റെ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കുകയാണ് നിസ്സഹായരായ ഒരു ജനത.
സിറിയന്‍ സൈന്യത്തിന്റെ കൈയിലകപ്പെടുന്നതിനു മുമ്പ് ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ :

പ്രിയപ്പെട്ട ലോകനേതാക്കളേ, മതപണ്ഡിതന്മാരേ, ഏതാനും മണിക്കൂറുകള്‍ക്കകം മാനഭംഗം ചെയ്യപ്പെടാന്‍ പോകുന്ന ആലെപ്പോ പെണ്‍കുട്ടികളിലൊരാളാണു ഞാന്‍. സിറിയന്‍ സൈന്യത്തിന്റെ നഖമുനയില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ ആരുമില്ല. വേട്ടക്കാരില്‍ നിന്ന് ഇരകളെ രക്ഷിക്കാന്‍ കെല്‍പ്പുള്ള ഒരു മനുഷ്യനോ ആയുധമോ ഞങ്ങള്‍ക്കിടയിലില്ല. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോടു പറയില്ല. കാരണം നിങ്ങളുടെ പ്രാര്‍ത്ഥനകളേക്കാള്‍ എന്റെ പ്രാര്‍ത്ഥനയെ ഞാന്‍ വിശ്വസിക്കുന്നു. ദയവു ചെയ്ത് എന്റെ മരണശേഷം നിങ്ങള്‍ ദൈവത്തിന്റെ വേഷം ഏറ്റെടുത്ത് എന്റെ മരണത്തെ വിലയിരുത്തരുത്.
കാരണം കാമക്കഴുകന്മാരാല്‍ മാനഭംഗം ചെയ്യപ്പെടുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നു ഉത്തമബോധ്യമുള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ മരണത്തെ തിരഞ്ഞെടുക്കുന്നത്. ഈ ആത്മഹത്യ എനിക്കു നരകം നല്‍കുമെന്ന് നിങ്ങള്‍ പറഞ്ഞാലും ഞാന്‍ അതു വകവെയ്ക്കില്ല കാരണം. ഈ മരണം ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്. മകളുടെ മാനം എങ്ങനെ കാക്കണമെന്ന ആധിയാലും വിഷമത്താലും എന്റെ അച്ഛന്‍ മരിച്ചു. പിന്നെ എനിക്ക് എന്തു സുരക്ഷിതത്വമാണ് ഇവിടെയുള്ളത്. അതുകൊണ്ടാണ് സ്വയം മരണത്തെ തിരഞ്ഞെടുത്തത്. എന്റെ മൃതശരീരം ആ കഴുകന്മാര്‍ക്ക് എന്തെങ്കിലും സന്തോഷം നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല.
ആത്മഹത്യയെന്ന പാപത്തിനു ലഭിക്കുന്ന നരകശിക്ഷയേക്കാള്‍ ഭീകരമാണ് ഈ ഭൂമിയിലെ ജീവിതം. എന്റെ മരണത്തിനു ശേഷം ലഭിക്കുന്ന നരകത്തെക്കുറിച്ച് നിങ്ങള്‍ എന്തിനു വേവലാതിപ്പെടണം? ഞാന്‍ നിങ്ങളുടെ അമ്മയോ സഹോദരിയോ മകളോ ഒന്നുമല്ലല്ലോ... നിങ്ങള്‍ക്കു തീരെ പരിചയമില്ലാത്ത ആരോ ഒരാളല്ലേ ഞാന്‍. നിങ്ങള്‍ ഈ പോസ്റ്റ് വായിച്ചു തീരുമ്പോഴേക്കും ഞാന്‍ മരണപ്പെട്ടിരിക്കും... ആരും തൊട്ടശുദ്ധമാക്കാത്ത ശരീരത്തോടെ... പരിശുദ്ധയായി...
https://www.facebook.com/Malayalivartha






















