യുഎഇ രാജകുടുംബത്തിനു നേരെ പാകിസ്താനില്‍ ആക്രമണം; പ്രതിഷേധം ശക്തം

യുഎഇ ഉപപ്രധാനമന്ത്രി അടക്കമുള്ള രാജകുടുംബം പാകിസ്താനില്‍ തോക്കുധാരികളുടെ ആക്രമണത്തിന് ഇരയായി. പാകിസ്താനില്‍ നായാട്ടിനെത്തിയ രാജകുടുംബ സംഘത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. യുഎഇ ഉപപ്രധാനമന്ത്രി പ്രിന്‍സ് ഷെയ്ഖ് സായിഫ് ബിന്‍ സായദ് അല്‍നഹ്‌യാനും സംഘത്തില്‍ ഉണ്ടായിരുന്നു. സംഘം ഭാഗ്യം കൊണ്ടാണ് ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പാകിസ്താനിലെ ബലോചിസ്താന്‍ പ്രവിശ്യയില്‍ വച്ചാണ് ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഹൊബാറ എന്ന ഇനത്തില്‍ പെട്ട പക്ഷികളെ വേട്ടയാടുന്നതിനായി യുഎഇ രാജകുടുംബം എല്ലാ മാസവും പാകിസ്താനില്‍ എത്താറുണ്ട്.
രാജ്യം പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു.ബലൂചിസ്താനിലെ പഞ്ച്ഗുഡ് ജില്ലയിലെ ഗുച്ചക് പ്രദേശത്തുവച്ചാണ് സംഘം ആക്രമിക്കപ്പെട്ടത്. പത്തോളം വരുന്ന തോക്കുധാരികളുടെ സംഘം രാജകുടുംബം സഞ്ചരിച്ച വാഹനത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ അതിവിദഗ്ധമായി വാഹനമോടിച്ച് രക്ഷപ്പെട്ടു. രണ്ടു വാഹനങ്ങളിലായാണ് രാജകുടുംബം സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുരക്ഷാജീവനക്കാര്‍ അക്രമികള്‍ക്കു നേരെ തിരിച്ചും വെടിവച്ചു. വെടിവയ്പ്പില്‍ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന നിരോധിത സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹോബറ പക്ഷികളെ വേട്ടയാടുന്നത് യുഎഇയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യമാണ്. അറേബ്യയില്‍ ഇത് അത്ര പ്രചാരമില്ലെങ്കിലും പക്ഷേ, അറബികള്‍ക്ക് ഏറെ കമ്പമുള്ള കാര്യമാണ് ഈ വേട്ടയാടല്‍. യുനെസ്‌കോ ഇതിനെ പാരമ്പര്യ സംസ്‌കാരമായി അംഗീകരിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഈമാസം ആദ്യം ഖൈബര്‍ പക്തൂന്‍ഖ്വാ പ്രവിശ്യയിലെ അധികാരികള്‍ ഹോബാറ ദേശാടനപക്ഷികളെ വേട്ടയാടുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.
https://www.facebook.com/Malayalivartha






















