ജീവനക്കാരികളെ ലൈംഗികമായി അപമാനിച്ച ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് മോശെ കട്‌സാവ് ജയില്‍ മോചിതനായി

മാനഭംഗം ഉള്‍പ്പെടെയുള്ള ലൈംഗിക കുറ്റങ്ങള്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട 71 വയസ്സുള്ള ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് മോശെ കട്‌സാവ് അഞ്ചു വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. മുന്‍പ്രസിഡന്റിനെ വിട്ടയയ്ക്കാനുള്ള പരോള്‍ ബോര്‍ഡിന്റെ ശുപാര്‍ശയ്‌ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. മോചനം സംബന്ധിച്ച നിബന്ധനപ്രകാരം രണ്ടു വര്‍ഷത്തേക്കു രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറുവരെ മോശെ വീട്ടു തടങ്കലിലായിരിക്കും.
പരോള്‍ ബോര്‍ഡിന്റെ തീരുമാനത്തെ ഭീരുത്വമെന്ന് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും വനിതാ സംഘടനകളും കുറ്റപ്പെടുത്തി. എന്നാല്‍ അഞ്ചുവര്‍ഷത്തെ ജയില്‍ ജീവിതം അദ്ദേഹത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കിയെന്നു പരോള്‍ ബോര്‍ഡ് വിലയിരുത്തി. തൊണ്ണൂറുകളില്‍ ടൂറിസം മന്ത്രിയായിരിക്കേ മോശെ ഒരു ജീവനക്കാരിയെ മാനഭംഗം ചെയ്‌തെന്നായിരുന്നു ഒരു കുറ്റം. 2000-2007 കാലയളവില്‍ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടു ജീവനക്കാരികളെ ലൈംഗികമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















