ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

യെമനില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മലയാളിയായ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേഴുന്ന ഉഴുന്നാലിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സുഷമ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരുടെ ജീവനും സർക്കാരിന് പ്രധാനപ്പെട്ടതാണെന്നും വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും തന്റെ മോചനത്തിനു വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സന്ദേശത്തില്‍ സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാ. ടോം അഭ്യര്‍ഥിച്ചു.
മോചനത്തിനായി പ്രാര്‍ഥനകള്‍ യാചിക്കുന്ന സന്ദേശത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മെത്രാന്മാരുടെയും അടക്കം സഭാധികൃതരുടെ ഇടപെടലുകളും ഫാ. ടോം അഭ്യര്‍ഥിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയിലേതുപോലെ താടിരോമങ്ങള്‍ വളര്‍ത്തിയ നിലയില്‍ അവശനായ ഫാ. ടോമിന്റെ മുഖമാണു പുതിയ വീഡിയോയിലുമുള്ളത്. ആറു മാസത്തിനുശേഷം പുറത്തുവന്ന വീഡിയോയിലും ഫാ. ടോമിന്റെ മുഖത്തിനോ താടിരോമങ്ങള്‍ക്കോ കാര്യമായ വ്യത്യാസമില്ല. അവശനെങ്കിലും പിന്നില്‍ ഒരു കര്‍ട്ടനുള്ള വീഡിയോയിലെ ചിത്രത്തിനും ശബ്ദത്തിനും കൂടുതല്‍ വ്യക്തതയുണ്ട്.
https://www.facebook.com/Malayalivartha






















