അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുണ്ടായ ഹിമപാതത്തില്‍ നിരവധി മരണം

കനത്ത മഞ്ഞിലും ഹിമപാതത്തിലുമായി അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നിരവധിപേര്‍ മരിച്ചു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിതമായ ഹിമപാതം ഒരു ഗ്രാമത്തെ ഏറെക്കുറെ തകര്‍ത്തു. കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡസന്‍കണക്കിന് ആളുകളെക്കുറിച്ചു വിവരമൊന്നുമില്ല. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്.
നൂറിസ്ഥാനിലെ ഗ്രാമത്തിലുണ്ടായ അത്യാഹിതത്തെ തുടര്‍ന്ന് ഇതുവരെ 50 മൃതദേഹങ്ങള്‍ കണ്ടുകിട്ടി. വടക്കന്‍ പ്രവിശ്യയായ ബഡാക്ഷാന്‍ പ്രദേശത്തു കഴിഞ്ഞ രണ്ടുദിവസമായി ഹിമപാതത്തില്‍ 19 പേര്‍ മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. കാബുള്‍-കാണ്ഡഹാര്‍ ഹൈവേയില്‍ ഇരുന്നൂറിലധികം വാഹനങ്ങള്‍ കുടുങ്ങി. പൊലീസും സൈന്യവും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. വീണ്ടും ഹിമപാതം ഉണ്ടായേക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
പാക്കിസ്ഥാനില്‍ ചിത്രാള്‍ ജില്ലയില്‍ ഹിമപാതത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു. തകര്‍ന്നുവീണ ഒരു വീട്ടില്‍ 14 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























