നവാസ് ഷെരീഫിന് പകരക്കാരിയാകാൻ ഭാര്യ കുല്‍സും നവാസ്

പ്രധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ഭരണം ഭാര്യയെ ഏല്‍പ്പിക്കാനൊരുങ്ങി നവാസ് ഷെരീഫ്. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് പാര്‍ലമെന്റിലേയ്ക്ക് ലാഹോര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നവാസ് ഷെരീഫിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി ഡോ.ആസിഫ് കര്‍മാനി വ്യക്തമാക്കി.
പാകിസ്ഥാന്‍ ഭരണഘടന പ്രകാരം പാക് പാര്‍ലമെന്റായ ദേശീയ അസംബ്ലിയില്‍ അംഗമല്ലാത്ത ആള്‍ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ല. ഇതിനാലാണ് ലാഹോറില്‍ മത്സരിക്കാന്‍ തീരുമാനം. നവാസ് ഷെരീഫിന്റെ മണ്ഡലമാണ് ഇത്.
നവാസ് ഷെരീഫിന് പ്രധാനമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ പകരക്കാരായി അദ്ദേഹത്തിന്റെ ഇളയസഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ലാഹോറില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ തന്റെ ഭാര്യയെ തന്നെ മത്സരിപ്പിച്ച് പ്രധാനമന്ത്രിസ്ഥാനത്ത് എത്തിക്കാനാണ് ഷെരീഫിന്റെ നിലവിലെ നീക്കം.
നവാസ് ഷെരീഫ് പ്രധാനമന്ത്രിപദം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പെട്രോളിയും വകുപ്പ് മന്ത്രിയായിരുന്ന ഷാഹിദ് ഖാന്‍ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ അബ്ബാസി ചുമതലയില്‍ തുടരും
ഷരീഫും കുടുംബവും അനധികൃതസ്വത്തു സമ്പാദിച്ചെന്ന റിപ്പോര്‍ട്ടു ശരിവച്ചാണു പ്രധാനമന്ത്രി പദത്തില്‍നിന്നും അദ്ദേഹത്തെ സുപ്രീംകോടതി അയോഗ്യനാക്കിയത്. ഷരീഫിന്റെ മകള്‍ മറിയം, മകന്‍ ഹുസൈന്‍ എന്നിവരും കേസില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha


























