ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ടെക്‌സസ് ; നഷ്ടം 10 ലക്ഷം കോടി രൂപ

യുഎസിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ നാശം വിതച്ച ഹാർവി ചുഴലിക്കാറ്റിൽ മരണം 38. 16,000 കോടി ഡോളറിന്റെ (ഏകദേശം 10 ലക്ഷം കോടി രൂപ) നാശമാണു കണക്കാക്കുന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനം ഉണ്ടായതിനെത്തുടർന്നു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ജനത്തെ ഒഴിപ്പിച്ചു. ടെക്സസിലെ ക്രോസ്ബിയിലെ അർകിമ ഇങ്ക് പ്ലാന്റിൽ അമേരിക്കൻ സമയം പുലർച്ചെയാണു സ്ഫോടനം.
ടെക്സസ് വിട്ടു ലൂസിയാന സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിൽ എത്തിയതോടെ ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ തുടരുകയാണ്. വെള്ളം കയറി കറുത്ത പുക വമിച്ചതിനെത്തുടർന്നു യുഎസിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല മോട്ടിവ പോർട് ആർതർ അടച്ചതോടെ രാജ്യം ഇന്ധനക്ഷാമത്തിലേക്കു നീങ്ങുകയാണ്. വെള്ളപ്പൊക്കത്തിൽ 20 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ഹൂസ്റ്റണിലും പരിസരത്തുമുള്ള ഒരുലക്ഷം ഇന്ത്യൻ വംശജരാണു വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത്. ആയിരക്കണക്കിനു ജനങ്ങൾ ഭവനരഹിതരായി. 32,000 പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടി.
https://www.facebook.com/Malayalivartha


























