അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ റോക്കറ്റ് ആക്രമണം; ഇന്ത്യൻ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ താലിബാൻ ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽനിന്നും ഇന്ത്യൻ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽനിന്നും ഡൽഹിയിലേക്കുള്ള വിമാനമാണ് അപകടത്തിൽനിന്നും രക്ഷപെട്ടത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു ആക്രമണം.
യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കാബൂളിൽനിന്നുള്ള എല്ലാ വിമാനങ്ങളും വൈകി. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്താവളത്തിനു നേർക്ക് നിരവധി റോക്കറ്റുകളാണ് ഭീകരർ പ്രയോഗിച്ചത്. വിമാനത്താവളത്തിനു സമീപത്തുള്ള വീട്ടിലാണ് ഒരു റോക്കറ്റ് പതിച്ചത്. സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു.
യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനെ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് താലിബാൻ അറിയിച്ചു. മാറ്റിസ് വിമാനം ഇറങ്ങി മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. മാറ്റിസും നാറ്റോ സെക്രട്ടറി ജനറൽ ഷാൻസ് സ്റ്റോൾട്ടൻബർഗും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തുന്പോഴാണ് കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റുകൾ പതിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ സൈനിക മേഖലയിലാണു റോക്കറ്റ് ആക്രമണം നടത്തിയതെന്നും പെന്റഗൺ മേധാവി മാറ്റിസിന്റെ വിമാനമായിരുന്നു ലക്ഷ്യമെന്നും താലിബാൻ വക്താവ് സബിബുള്ള മുജാഹിദ് ട്വീറ്റു ചെയ്തു.
https://www.facebook.com/Malayalivartha






















