അമേരിക്കയുടെ സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി

അമേരിക്കയുടെ സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാകിസ്താന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കുന്നതായും വാഷിങ്ടണ്‍ അറിയിച്ചിരുന്നു.
ട്രംപിന്റെ ആരോപണങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. യു.എസുമായി ഈ വിഷയങ്ങളെക്കുറിച്ചെല്ലാം തങ്ങള്‍ സംസാരിച്ചു കഴിഞ്ഞതാണ്. പാകിസ്താന് ലഭിച്ച സഹായങ്ങളുടെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ തയ്യാറാണ്. ലഭിച്ച സാമ്പത്തിക സഹായം പാകിസ്താന്‍ നല്‍കിയ സേവനങ്ങള്‍ക്ക് കൂടിയുള്ളതായിരുന്നുവെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്ക 15 വര്‍ഷങ്ങളായി നല്‍കിവരുന്ന 33 കോടി ഡോളറിന് പ്രത്യുപകാരമായി പാകിസ്താന്‍ നുണകളും വഞ്ചനയും മാത്രമാണ് തിരിച്ചുനല്‍കിയതെന്നായിരുന്നു ട്രംപ് പറഞ്ഞത്. അഫ്ഗാനിസ്താനില്‍ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ സംരക്ഷണം നല്‍കുകയായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താന് നല്‍കിവരുന്ന 25.5 കോടി ഡോളറിന്റെ സഹായധനം അമേരിക്ക റദ്ദാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























