പുതുവർഷം കവർന്നെടുത്തത് 4 കൗമാരക്കാരെ; ലണ്ടനിൽ പോയ വർഷം കത്തിക്കുത്തേറ്റ് മാത്രം കൊല്ലപ്പെട്ടത് മലയാളിയടക്കം 26 വിദ്യാർഥികൾ

ഇംഗ്ലണ്ട്: നിയമ വാഴ്ചയുടെ പേരിൽ അഭിമാനിക്കുന്ന ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ ക്രമസമാധാന നില വഷളായി വരുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2017 ലെ അവസാന ദിവസം മാത്രം ലണ്ടനിൽ കത്തി കുത്തേറ്റ് മരിച്ചത് നാലു കൗമാരക്കാരാണ്. ഇതിനു പുറമെ ലണ്ടനിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് മലയാളിയടക്കം 26 വിദ്യാർഥികളാണ്.
ഡിസംബർ 31 നും ജനുവരി 1 പുലർച്ചെ 2 .30 നും മദ്ധ്യേ വെസ്റ്റ് ഹാം, ടൂൾസ് ഹിൽ, എൻഫീൽഡ്, ഓൾഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നാലു കൊലപാതകങ്ങൾ അരങ്ങേറിയത്. കൊല ചെയ്യപ്പെട്ടവർ 17 നും 20 നും ഇടയിൽ പ്രായമുള്ളവരാണ്.
ലണ്ടനിലെ പുതുവത്സര ആഘോഷങ്ങൾ തീർത്തും സമാധാനപരം ആയിരുന്നെങ്കിൽ പോലും ചില ഗ്രൂപ്പുകൾ ആക്രമണത്തിന് തുനിഞ്ഞിറങ്ങിയതിനാലാണ് ഇത്തരത്തിലുള്ള കൊലപാതക പരമ്പര അരങ്ങേറിയതെന്നാണ് മെട്രോപൊളിറ്റൻ ടെറിട്ടോറിയൽ പൊലീസിങ് കമ്മാന്റിലെ കമാൻഡറായ നെയിൽ ജെറോം വെളിപ്പെടുത്തുന്നത്.
എൻഫീൽഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ മറ്റിടങ്ങളിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പത്തു കൗമാരക്കാർ തമ്മിലുള്ള തർക്കമാണ് കൊലപതകത്തിൽ കലാശിച്ചതെന്നു ദൃക്‌സാക്ഷിയായ ഇവിടുത്തെ പ്രദേശവാസി 56 കാരൻ ക്ളൈവ് ഹരിയാട് വെളിപ്പെടുത്തുന്നു. ഈ കൊലപാതകങ്ങൾക് ഉത്തരവാദിയായവരെ എത്രയും പെട്ടെന്ന് തന്നെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്ന് പോലീസ് തനിക്ക് ഉറപ്പു നൽകിയതായി ലണ്ടൺ മേയർ സാദിഖ് ഖാൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























