അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും വിധം പ്രവര്‍ത്തിക്കാന്‍ സൈന്യങ്ങള്‍ക്ക് തന്ത്രപ്രധാന മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇന്ത്യ ചൈന ധാരണ

അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും വിധം പ്രവര്‍ത്തിക്കാന്‍ സൈന്യങ്ങള്‍ക്ക് തന്ത്രപ്രധാന മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇന്ത്യ ചൈന ധാരണ. ദോക്‌ലാമിനു സമാനമായ സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് അതിര്‍ത്തിയില്‍ ആശയവിനിമയം ശക്തമാക്കുന്നത്.
ചൈനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയുടെ സമാപനത്തിലാണ് ധാരണ. യുദ്ധസമാനമായ ദോക്‌ലാം പ്രതിസന്ധിക്കുശേഷം ഉഭയകക്ഷിബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളും കൈകോര്‍ത്തത്. ചൈനയും ഇന്ത്യയും നല്ല അയല്‍ക്കാരും നല്ല സുഹൃത്തുക്കളുമായിരിക്കുമെന്ന് ഷി പറഞ്ഞു. ദോക്‌ലാം പ്രതിസന്ധിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള ചര്‍ച്ചക്കാണ് മുന്‍തൂക്കം നല്‍കിയതെങ്കിലും ധാരണപത്രങ്ങളൊന്നും ഒപ്പിട്ടില്ല. സംയുക്ത പ്രസ്താവനയും ഉണ്ടായില്ല. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയതായി കേന്ദ്ര വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരസ്പരവും തുല്യവുമായ സുരക്ഷ എന്ന തത്ത്വം പാലിക്കാനും സൈന്യങ്ങള്‍ തമ്മില്‍ വാര്‍ത്താവിനിമയം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കും. അതിര്‍ത്തിപ്രശ്‌നം സംബന്ധിച്ച വിവരം കൈമാറാനും ചര്‍ച്ചക്കും സ്ഥിരം സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ ഇന്ത്യചൈന സഹകരണത്തിന്റെ പ്രാധാന്യമാണ് മോദി ഊന്നിപ്പറഞ്ഞത്.
സാമ്പത്തിക ബന്ധവും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഊട്ടിയുറപ്പിക്കണം. കൃഷി, സാങ്കേതികവിദ്യ, ഊര്‍ജം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സഹകരണവും ഭക്ഷ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നിവയും ചര്‍ച്ചയായി. ആഗോള സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഊര്‍ജസ്രോതസുകളാണ് ഇന്ത്യയും ചൈനയുമെന്ന് ഷി എടുത്തു പറഞ്ഞു. ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം പുതിയ ചക്രവാളത്തിലേക്ക് പ്രവേശിക്കുകയാണ്, മോദിയാകട്ടെ 'പുതിയ ഇന്ത്യ' മുന്നോട്ടുവക്കുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും ഒരേ കര്‍ത്തവ്യമാണ് ഏറ്റെടുക്കേണ്ടത് ഷി ഓര്‍മിപ്പിച്ചു.
ഭീകരവാദം പൊതു ഭീഷണിയാണെന്ന് വ്യക്തമാക്കിയ ഇരുനേതാക്കളും, ഇതിനെതിരെ ഒരുമിച്ച ് പോരാടാന്‍ തീരുമാനിച്ചു. 3488 കി.മീറ്റര്‍ അതിര്‍ത്തി സംരക്ഷണം ഉറപ്പാക്കാന്‍ ഇന്ത്യ കൂടുതല്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കും. ഉച്ചകോടിക്കുശേഷം മോദി തിരിച്ചെത്തി. 2014ല്‍ അധികാരത്തില്‍വന്നശേഷം മോദിയുടെ നാലാമത്തെ ചൈന സന്ദര്‍ശനമായിരുന്നു ഇത്. ജൂണ്‍ ഒമ്പത്, 10 തീയതികളില്‍ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് അദ്ദേഹം വീണ്ടും ചൈനയിലെത്തും
യുദ്ധം ഉഴുതുമറിച്ച അഫ്ഗാനിസ്താനില്‍ സംയുക്ത സാമ്പത്തിക പദ്ധതിക്ക് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളും വന്‍ മുതല്‍മുടക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് രൂപംനല്‍കുകയും തുടര്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്യും. ആദ്യമായാണ് അഫ്ഗാനിസ്താനില്‍ ഇന്ത്യയും ചൈനയും സംയുക്തമായി പദ്ധതി തുടങ്ങുന്നത്. പാകിസ്താനെ അസ്വസ്ഥമാക്കുന്നതാണ് മോദിഷി കൂടിക്കാഴ്ചയിലെ ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha


























