ലോകത്തിന്റെ പ്രാര്‍ത്ഥനയും മാര്‍പാപ്പയുടെ ഇടപെടലും വിഫലമായി... നീതിപീഠവും കൈവിട്ടു... അമ്മയുടെ നെഞ്ചിലെ ചൂടും വെടിഞ്ഞ് കുഞ്ഞ് ആല്‍ഫി പറന്നകന്നു

വൈദ്യശാസ്ത്രം മരണം വിധിച്ചിട്ടും ശാസ്ത്രത്തെപ്പോലും തോല്‍പ്പിച്ച് ഈ കുഞ്ഞു ഹൃദയം തുടിച്ചത് 68 മണിക്കൂറിലധികം. ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി അവന്‍ യാത്രയായി. ആല്‍ഫിയെ മരണത്തിനു വിട്ടുകൊടുക്കന്‍ ഡോക്ടര്‍ാര്‍ തീരുമാനിച്ചില്ലെങ്കിലും അമ്മയുടെ നെഞ്ചില്‍ നിന്ന് ആ കുഞ്ഞു പ്രാണന്‍ അടരാന്‍ മടിച്ചതു ലോകത്തിനാകെ പ്രത്യാശ പകര്‍ന്നിരുന്നു.
ആല്‍ഫിയെ ജീവിക്കാന്‍ അനുവദിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കം ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് നിയമവ്യവസ്ഥ ചെവിക്കൊണ്ടില്ല. കോടതി നിര്‍ദേശപ്രകാരം തിങ്കളാഴ്ച ജീവന്‍രക്ഷാ സംവിധാനങ്ങള്‍ എടുത്തു മാറ്റിയ ആല്‍ഫി ശനിയാഴ്ച പുലര്‍ച്ചെ 2.30നു മരിച്ചു. എന്റെ പോരാളി പരിച താഴെവച്ച് ചിറകുകള്‍ നേടി.. ഹൃദയം വിങ്ങുന്നു ആല്‍ഫിക്കായി പോരാടിയവരെ മരണവാര്‍ത്ത അറിയിച്ച് അച്ഛന്‍ ടോം ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
2016 മേയിലാണ് ടോം ഇവാന്‍സ് കേറ്റ് ജയിംസ് ദമ്പതികള്‍ക്ക് ആല്‍ഫി പിറന്നത്. അപൂര്‍വമായ മസ്തിഷ്‌കരോഗം ഡിസംബറില്‍ സ്ഥിരീകരിച്ചു. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ചികിത്സ. മസ്തിഷ്‌കകോശങ്ങള്‍ നശിച്ച ആല്‍ഫിക്കു ചികിത്സ തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഇനിയും ജീവിക്കാന്‍ അനുവദിക്കുന്നതു മനഷ്യത്വരഹിതമാണെന്നും ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. ഏതു വിധേനയും ജീവന്‍ നിലനിര്‍ത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ആല്‍ഫിയുടെ മാതാപിതാക്കള്‍ കീഴടങ്ങാന്‍ കൂട്ടാക്കാതെ ലോകത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ചു. ആല്‍ഫീസ് ആര്‍മി എന്ന പേരില്‍ വളരെപ്പേര്‍ പിന്തുണയുമായി എത്തി. മാതാപിതാക്കള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. കുഞ്ഞിനു മറ്റു ചികിത്സകള്‍ നല്കാന്‍ അനുവദിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചികിത്സാകാര്യത്തില്‍ മാതാപിതാക്കളും ആശുപത്രിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതി തീരുമാനം എടുക്കണമെന്നാണു ബ്രിട്ടീഷ് നിയമം.
എന്നാല്‍ അവിടെ കോടതി പോലും അവര്‍ക്ക് വില്ലനായി. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എടുത്തുമാറ്റി മരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

കുഞ്ഞിനെ വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി ജീവന്‍ നിലനിര്‍ത്തണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതു നടക്കുമെന്ന പ്രതീക്ഷയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച കുഞ്ഞിനു പൗരത്വവും നല്കി. എന്നാല്‍, ബ്രിട്ടനിലെ അപ്പീല്‍ കോടതി എതിരു നിന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
https://www.facebook.com/Malayalivartha


























