സവാദ് ബസിൽ സഞ്ചരിച്ചത് ആറ് മിനിറ്റ്: മൂന്ന് മിനിറ്റ് വീഡിയോയിലും: ടൈറ്റ് ജീൻസും, അടിവസ്ത്രമായി ബർമുഡയും ധരിച്ചിരുന്ന സവാദ് എങ്ങനെ നഗ്നതാ പ്രദർശനം നടത്തും? ഞാൻ ധരിക്കുന്നതും, ജീൻസാണ്! എങ്ങനെ ശ്രമിച്ചിട്ടും എനിക്ക് ഈ പറഞ്ഞതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടില്ല- മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു...

ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവം ഏറെ ചർച്ചയായിരുന്നു. മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്താണ് സവാദിനു സ്വീകരണം നൽകിയത്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയതും. സ്വീകരണത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ അസോസിയേഷന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുമുണ്ടായിരുന്നു. നഗ്നതാ പ്രദർശന കേസിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് സവാദിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.
സവാദിന് സ്വീകരണം നൽകിയതിൻ്റെ പേരിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് സംഘടനയ്ക്കും തനിക്കും ലഭിക്കുന്നതെന്ന് സംഘടനാ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. അപൂർവ്വമായി ഭീഷണി സന്ദേശങ്ങളും എത്തുന്നുണ്ട്. എന്നാൽ തങ്ങളത് കാര്യമാക്കാറില്ലെന്നും അജിത് കുമാർ പറഞ്ഞു. രാവിലെ മുതൽ രാത്രി വരെ ഉറങ്ങാൻ പോലും സമ്മതിക്കാതെ അഭിനന്ദന പ്രവാഹങ്ങളാണ് ഫോണിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപൂർവ്വമായി മാത്രം നെഗറ്റീവായിട്ടും അഭിപ്രായങ്ങൾ എത്തുന്നുണ്ട്. അത് അവരുടെ രാഷ്ട്രീയം സംബന്ധിച്ചാണെന്നുള്ളതാണ് യാഥാർത്ഥ്യം. കൂടുതലും വിളിക്കുന്നത് സ്ത്രീകളാണ്. അവരുടെ പിന്തുണയാണ് ശ്രദ്ധേയം.
ഇത്തരത്തിലുള്ള ഒരു പെൺകുട്ടിക്കു വേണ്ടി ശക്തമായി നിൽക്കണമെന്നാണ് അവരുടെ ആവശ്യം. ഇരയെന്ന് പറയുന്ന പെൺകുട്ടിയുടെ സുഹൃത്തുക്കൾ തന്നെ വിളിച്ച് ഇപ്പോഴത്തെ പ്രവൃത്തി നന്നായെന്ന് തന്നോടു പറഞ്ഞതായും അജിത് കുമാർ പറഞ്ഞു. ഇപ്പോൾ പെൺകുട്ടി ഒറ്റയ്ക്കാണ് എന്നാണ് അറിയാൻ കഴിയുന്നത്. കെഎസ്ആർടിസി ബസിൽ വച്ച് നടന്ന സംഭവം മനഃപൂർവ്വം സൃഷ്ടിച്ചതായതുകൊണ്ടാണ് ഇന്ന് ആ പെൺകുട്ടിക്കൊപ്പം ആരുമില്ലാത്തത്-അജിത് കുമാർ പറയുന്നു.
`ഞാനും സംഘടനയും ആദ്യ രണ്ടു ദിവസം പെൺകുട്ടിയുടെ ഭാഗത്തായിരുന്നു. സവാദ് തെറ്റ് ചെയ്തിട്ടുണ്ടെന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടി ലെെവിൽ വന്ന് ഇൻസ്റ്റാഗ്രാം ഐഡിയും വെളി്പെടുത്തി അതിൽ ഫോളോവേഴ്സിനെ കൂട്ടാനുള്ള ലക്ഷ്യമായിരുന്നു എന്നു മനസ്സിലാക്കിയപ്പോഴാണ് ഞങ്ങൾ രംഗത്തിറങ്ങിയത്´. മാത്രമല്ല പല ചാനലുകളിലും പെൺകുട്ടി സംസാരിച്ചത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നും അജിത് കുമാർ പറയുന്നു.
മലയാളികൾ അത്യാവശ്യം ബുദ്ധിയുള്ളവരാണ്. സാധാരണ മലയാളികൾക്ക് കാര്യങ്ങൾ മനസ്സിലായതുപോലെ തങ്ങൾക്കും കാര്യങ്ങൾ വ്യക്തമാകുകയായിരുന്നു എന്നും അജിത് കുമാർ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം സൃഷ്ടിച്ച സംഭവങ്ങളാണെന്ന് മനസ്സിലയതോടെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടക്കുകയാണ്. അതിനുശേഷം പെൺകുട്ടി മാധ്യമങ്ങളിലൊന്നും വലുതായി വരുന്നില്ല. പെൺകുട്ടി കുറച്ചു ഭയന്നിട്ടുണ്ടെന്നാണ് തങ്ങൾക്ക് മനസ്സിലായതെന്നും അജിത് കുമാർ പറയുന്നു.
പെൺകുട്ടി പേടിച്ചിട്ടുണ്ടങ്കിൽ അവർ തെറ്റു ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഹണിട്രാപ്പ് കേരളത്തിൽ ഇന്ന് സാർവ്വത്രികമാണ്. അതിൽ പലതും പുറത്തു വരുന്നില്ല. ഈ സംഭവവും ഹണിട്രാപ്പിൻ്റെ ഭാഗമാണെന്നും അജിത് കുമാർ പറഞ്ഞു. സവാദ് അന്ന് ബസിൽ സഞ്ചരിച്ചത് ആറു മിനിട്ടാണ്. അതിൽ മൂന്നു മിനിട്ട് വീഡിയോയിലുണ്ട്. ബാക്കിയുള്ള മൂന്നു മിനിട്ടിലാണ് എന്തോ സംഭവിച്ചെന്ന് പറയുന്നത്.
എന്നാൽ അത് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അജിത് കുമാർ പറയുന്നു. സവാദ് ധരിച്ചിരുന്നത് ടെെറ്റ് ജീൻസാണ്. അതിനുള്ളിൽ അടിവസ്ത്രമായിട്ട് ഉപയോഗിച്ചിരുന്നത് ബർമുഡയും. ഇതുരണ്ടും മാറ്റി നഗ്നത കാണിക്കാൻ മൂന്നു മിനിട്ടിനുള്ളിൽ കഴിയില്ലെന്നും അജിത് കുമാർ പറയുന്നു. ബസിൻ്റെ സീറ്റിൽ വന്നിരുന്ന് അപ്പോൾത്തന്നെ നഗ്നത കാട്ടാൻ അയാൾ മാനസിക രോഗിയാണോ എന്നും വട്ടിയൂർക്കാവ് അജിത് കുമാർ ചോദിക്കുന്നുണ്ട്.
ഞാനും ടെെറ്റ് ജീൻസ് ധരിക്കുന്ന വ്യക്തിയാണ്. ഞാൻ എങ്ങനെ ശ്രമിച്ചിട്ടും എനിക്ക് ഈ പറഞ്ഞതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ പെൺകുട്ടി ആരോപണം ഉന്നയിച്ച് വീഡിയോ എടുക്കുന്ന സമയത്ത് സവാദ് സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നുണ്ട്. പറഞ്ഞ രീതിയിൽ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ എങ്ങനെ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ കഴിയുമെന്നും അജിത് കുമാർ ചോദിച്ചു. എഴുന്നേൽക്കാനും ബാഗ് അരയിൽ നിന്ന് മാറ്റാനും കഴിയില്ല. സിബ് ഓപ്പണാണെന്ന് പെൺകുട്ടി പറയുമ്പോൾ സവാദ് കണ്ടക്ടർക്ക് അങ്ങനെയല്ലെന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒത്തിരി വസ്തുതകൾ ഇക്കാര്യത്തിലുണ്ടെന്നും അതുകൊണ്ടു ഗൗരവമായി ഈ വിഷയം അന്വേഷിക്കണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
മെൻസ് അസോസിയേഷൻ സംഘടന പുമാലയിട്ട് സ്വീകരിച്ച സംഭവത്തെ ഒരു ചെറിയ വിഭാഗം ഫെമിനിസ്റ്റ് തീവ്രവാദികൾ ആക്ഷേപിക്കുന്നുണ്ട്. അവൾ പറയുന്ന കള്ളങ്ങൾ പൊളിയും എന്ന് കരുതിയാണ് ആ പ്രവൃത്തി. ഇനിയൊരു ഹണിട്രാപ്പ് ഇവിടെയുണ്ടാകാതിരിക്കാൻ വേണ്ടി മാത്രമാണ് സംഘടന സ്വീകരണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഈ യുവാവ് പുറത്തിറങ്ങി ആത്മഹത്യ ചെയ്യരുതെന്ന ഉദ്ദേശ്യവും അതിനുണ്ടായിരുന്നു. മാന്യമായി ജീവിക്കുന യുവാവിൻ്റെ കുടുംബത്തിന് കടുത്ത അപമാനമാണ് ഈ സംഭവമുണ്ടാക്കിയത്. സവാദ് ജയിലിൽ നിന്നിറങ്ങിയാൽ ആത്മഹത്യ ചെയ്യുന്ന സാഹചര്യമായിരുന്നു. എന്നാൽ സ്വീകരണത്തോടെ അതുമാറി. ജയിലിൽ കണ്ട സവാദല്ല പുറത്തുള്ള സവാദ്. ഈ പ്രശ്നം നടന്നതോടെ നാണക്കേട് കാരണം മാറി താമസിച്ച സവാദിൻ്റെ കുടുംബം തിരിച്ചു വന്നുവെന്നും വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha