സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ പിടിമുറുക്കി ആദായ നികുതി വകുപ്പ്: ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളില്‍ കടുത്ത നടപടികളുമായി ആദായ നികുതി വകുപ്പ്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തില്‍ ഇടനിലക്കാരായവരുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആദായനികുതി വകുപ്പ് മരവിപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍ക്കുന്നതിന് ഇടനിലക്കാരനായി നിന്ന സാജു വര്‍ഗീസ് കുന്നേല്‍, ഇടപാടുമായി ബന്ധപ്പെട്ട ഇലഞ്ഞിയില്‍ ജോസ് കുര്യന്‍, കാക്കനാടുള്ള വികെ ഗ്രൂപ്പ് എന്നിവരുടെ സ്ഥാപനങ്ങളിലും വീട്ടിലും കഴഞ്ഞദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 13 സ്ഥലങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതിന് തുടര്‍ച്ചയായാണ് ഇടപാടില്‍ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
ഭൂമി ഇടപാടില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് റെയ്ഡില്‍ ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഭൂമി കച്ചവടത്തില്‍ കള്ളപ്പണ ഇടപാട് നടന്നതായും വ്യക്തമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഇടപാടുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്.
https://www.facebook.com/Malayalivartha
























