അടിമാലിയിലെ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും

ഇടുക്കി അടിമാലിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചിലവ് കോളജ് ഏറ്റെടുക്കും. ബിജുവിന്റെ മകള്‍ പഠിക്കുന്ന നഴ്‌സിംഗ് കോളജ് ഇക്കാര്യം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയാണ് അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂര്‍ണമായും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഒരു കുടുംബം ഇവിടെ നിന്ന് മാറിപ്പാര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ആ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്.
https://www.facebook.com/Malayalivartha
























