സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനം. നിലവില്‍ ഇതിനുള്ള സ്‌പോണ്‍സര്‍മാരായി എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പല കായിക താരങ്ങള്‍ക്കും വീടില്ലാത്ത അവസ്ഥയുണ്ടെന്നും രണ്ടാമത് സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ഒരു തീരുമാനം എടുത്തിട്ടുണ്ട്. കേരള സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്തവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മന്ത്രി വി. ശിവന്‍കുട്ടിയാണ് താരത്തെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 24.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2017ല്‍ ആന്‍സി സോജന്‍ സ്ഥാപിച്ച 25.13 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റര്‍ ഓട്ടത്തിലും ദേവനന്ദ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഒരു മാസം മുന്‍പ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച്, കടുത്ത വേദന സഹിച്ച് മത്സരത്തില്‍ പങ്കെടുത്ത ദേവനന്ദയുടെ കായികക്ഷമതയേക്കാള്‍ ഉപരി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ഈ നേട്ടം.
ബാര്‍ബറായ അച്ഛന്‍ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയാണ് മന്ത്രി ഈ തീരുമാനമെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിനെയാണ് വീട് നിര്‍മ്മിക്കുന്നതിന്റെ ചുമതല മന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത്. കായികരംഗത്ത് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതിന് ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha
























