വായിച്ചിക്ക് ഒരു ഹൂറിനേയും പറ്റൂല; അല്ലെങ്കിലും ഞാന്‍ അല്ലാതെ ഏത് ഹൂറിയാ വായിച്ചിനെ സഹിക്ക്യാ; സ്‌നേഹനിധികളായ ഉമ്മയെയും ബാപ്പയെയും കുറിച്ച് എഴുതിയ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് വൈറലാകുന്നു

തന്റെ സ്‌നേഹസമ്പന്നരായ ഉമ്മയെയും ബാപ്പയെയും കുറിച്ച് പി ടി മുഹമ്മദ് സാദിഖ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഹൃദയത്ത സ്പര്‍ശിക്കുന്ന ഈ കുറിപ്പ് ഒരിറ്റു കണ്ണീര്‍ വീഴ്ത്താതെ പൂര്‍ണ്ണമായും വായിച്ചു തീര്‍ക്കാനാകില്ല.
പി ടി മുഹമ്മദ് സാദിഖിന്റെ ആ കുറിപ്പ് വായിക്കാം;
സ്വര്‍ഗ്ഗത്തിലെ ഹൂറി എന്റെ ബാപ്പയുടെ വിദ്യാര്‍ഥിനിയായിരുന്നു ഉമ്മ. മദ്രസയില്‍ ബാപ്പ ഉമ്മയെ പഠിപ്പിച്ചിട്ടുണ്ട്. അവിടുന്നു അവര്‍ ഇഷ്ടത്തിലായതാണെന്ന് അമ്മായിമാരാണ് പറഞ്ഞു തന്നത്. ഏതായാലും കല്ലുരുട്ടിയിലെ അധ്യാപക ജീവിതകാലത്താണ് ഉമ്മ ബാപ്പയുടെ ജീവിതത്തിലേക്ക് കൂടെ പോന്നത്. എനിക്ക് ഓര്‍മ വെക്കുന്ന കാലത്ത് ബാപ്പ നാട്ടിലില്ല. വിട്ടിലും. പല നാടുകളില്‍ മദ്രസാധ്യാപകനായി ജോലി നോക്കുകയാണ്. ചില സ്ഥലങ്ങളില്‍ നിന്നു മാസത്തിലൊരിക്കല്‍ വരും. ചില സ്ഥലങ്ങളില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ വരും. എനിക്കാണെങ്കില്‍ മൂപ്പര് വരുന്നത് ഇഷ്ടമല്ല. എന്റെ കുസൃതിക്കും വികൃതിക്കുമുള്ള ശിക്ഷാവിധികളുമായാണല്ലോ മൂപ്പര്‍ വരിക. യത്തീമിന്റെ നാരങ്ങാ മിഠായിയില്‍ അത് എഴുതിയിട്ടുണ്ട്. ഒടുക്കത്തെ ദുര്‍വാശിക്കാരനായിരുന്നു ബാപ്പ. അവരു തമ്മില്‍ ഉടക്കുമ്പോള്‍ ഇടക്ക് ഞാന്‍ ഉമ്മയോട് അനക്ക് മൊഴി ചൊല്ലി പൊയ്ക്കൂടേന്ന് ചോദിക്കും. ബേജാറാകണ്ട. ഉമ്മയെ ഞാന്‍ താത്ത എന്നാണ് വിളിച്ചിരുന്നത്. സംബോധന ചെയ്തിരുന്നത് ഇയ്യ് (നീ) എന്നും. എളാപ്പമാരും അമ്മായിമാരുമൊക്കെ വിളിക്കുന്നതു കേട്ട് അങ്ങിനെ ആയതാണ്. ഞാനും നേരെ താഴെയുള്ള രണ്ട് സഹോദരങ്ങളും ഇപ്പോഴും അങ്ങിനെ തന്നെയാണ് വിളിക്കുന്നത്. ഞാന്‍ കുടുംബത്തിന്റെ ഉത്തവാദിത്തം ഏറ്റെടുത്ത ശേഷം ബാപ്പ ദൂരെയൊന്നും ജോലിക്ക് പോയിട്ടില്ല. അതിനുശേഷം ഉമ്മയും ബാപ്പയും ഒരുദിവസം പോലും വേര്‍പിരിഞ്ഞു ജീവിച്ചിട്ടില്ല. ജോലിക്കാലത്ത് നഷ്ടപ്പെട്ട അനുരാഗത്തിന്റെ ദിനങ്ങള്‍ തിരിച്ചുപിടിച്ച പോലെയായിരുന്നു അവരുടെ പിന്നീടുള്ള ജീവിതം. അത്യാവശ്യത്തിനു ഉമ്മ ഉമ്മയുടെ വീട്ടില്‍ പോയാല്‍ പോലും പോയ വേഗത്തില്‍ തിരിച്ചു വരും. അതുകൊണ്ടുതന്നെ കല്ലുരുട്ടിയിലെ വെല്യായിച്ചിയും വെല്ലിമ്മച്ചിയും വയ്യാതായ കാലത്ത് ഉമ്മക്ക് അധികമൊന്നും അവരെ ശ്രുശൂഷിക്കാന്‍ സാധിച്ചിട്ടില്ല. പിന്നീട് ബാപ്പ രോഗിയായ മൂന്നു വര്‍ഷത്തിലേറെ ഊണും ഉറക്കവുമൊഴിച്ചാണ് ഉമ്മ ബാപ്പയെ ശുശ്രൂഷിച്ചത്. വീട്ടിലും ആശുപത്രികളിലും മുഴുവന്‍സമയ ബൈ സ്റ്റാന്റര്‍ ഉമ്മ തന്നെയായിരുന്നു. അവസാന ശ്വാസം വലിക്കുമ്പോഴും ഉമ്മ ബാപ്പയുടെ തൊട്ടടുത്തുണ്ടായിരുന്നു. ആമീ എന്നു ബാപ്പ തികച്ചു വിളിക്കില്ലായിരുന്നു. ആ വിളി പൂര്‍ത്തിയാകും മുമ്പേ ഉമ്മ ഹാജാരായിരിക്കും. ബാപ്പ മരിച്ചപ്പോള്‍ ഞാന്‍ നിര്‍വികാരനമായിരുന്നു. ഖബറിലേക്ക് മയ്യിത്ത് എടുത്തുവെച്ചപ്പോഴും ഒരുതരം മരവിച്ച മനസ്സായിരുന്നു എനിക്ക്. ഏതൊക്കെയോ കാരണത്താല്‍ എനിക്ക് ബാപ്പയോട് അത്ര അറ്റാച്ചമെന്റ് ഇല്ലായിരുന്നു. അങ്ങിനെ നില്‍ക്കുമ്പോഴാണ് ഉസ്്താദിന്റെ പാര്‍ഥനയുടെ വാചകങ്ങള്‍ കാതിലേക്ക് വന്നത്. അല്ലാഹുവേ ഇദ്ദേഹത്തിന് ഭൂമിയിലേക്കാള്‍ നല്ല വീടു പരലോകത്ത് നല്‍കേണമേ... എനിക്ക് ഉസ്താദിനോട് ബഹുമാനം തോന്നി. സ്‌നേഹം തോന്നി. ഒരു ഓലക്കുടിലിലിലാണ് ബാപ്പ ജനിച്ചു വളര്‍ന്നത്. പിന്നീട് ഞങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയതും ഓല മേഞ്ഞ വീടായിരുന്നു. അത് ഒന്നിലേറെ തവണ പുതുക്കി പണിതെങ്കിലും അതൊരു നല്ല വീടായിരുന്നില്ല. ഇപ്പോഴും ആ വീട് അത്ര നല്ലതല്ല. ബാപ്പക്ക് ഭൂയിലേക്കാള്‍ നല്ലൊരു വീടു നല്‍കേണമേ എന്നു ഉസ്്താദ് ആവര്‍ത്തിച്ചു പ്രാര്‍ഥിച്ചപ്പോള്‍ ഞാന്‍ ഏറ്റവും ആത്മാര്‍ഥമായി ആമീന്‍ പറഞ്ഞു. ്അല്ലാഹു അതു കേള്‍ക്കും. അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിച്ച് ബാപ്പ ജീവിച്ചിട്ടില്ല. ഉസ്താദിന്റെ പ്രാര്‍ഥനയുടെ അടുത്ത വരി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. എന്റെ ഹൃദയം നുറുങ്ങി. തല പുകഞ്ഞു. ദേഷ്യവും സങ്കടവും വന്നു. ഉസ്താദ് പ്രാര്‍ഥിക്കുകയാണ്. അല്ലാഹുവേ ഇദ്ദേഹത്തിനു പരലോകത്ത് ഭൂമിയിലേക്കാള്‍ നല്ല ഇണയെ നല്‍കേണമേ.. ഞാന്‍ ആമീന്‍ പറഞ്ഞില്ല. ഞാന്‍ ഉസ്താദിനെ തുറിച്ചു നോക്കി. അദ്ദേഹം എന്നെ കാണുന്നില്ല. അദ്ദേഹം കൈകളും കണ്ണുകളും ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ഥിക്കുകയാണ്. അദ്ദേഹം ആ പ്രാര്‍ഥന ആവര്‍ത്തിക്കുകയാണ്. അല്ലാഹുവെ ഇദ്ദേഹത്തിന് പരലോകത്ത് ഭൂമിയിലേക്കാള്‍ നല്ല ഇണയെ നല്‍കേണമേ? കൊത്തിക്കിളച്ച പുതുമണ്ണിന്റെ മുകളില്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി നില്‍ക്കുകയാണ് ഞാന്‍. ധൃതിയില്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ മണ്‍കൂന ഇടിഞ്ഞു, ഞാന്‍ വീഴാന്‍ പോയി. പ്രാര്‍ഥനയില്‍ മുഴുകിയ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എന്നെ നോക്കി. ഞാന്‍ ആരേയും നോക്കിയില്ല. നേരെ ചെന്ന് ഉസ്താദിന്റെ ചെവിയില്‍ പറഞ്ഞു. ഉസ്്താദേ അങ്ങിനെ പ്രാര്‍ഥിക്കരുത്. ഉസ്താദ് എന്നെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു, പരലോകത്തായാലും എന്റെ ബാപ്പക്ക് ഇണയായി എന്റെ ഉമ്മ മതി. ഉസ്താദ് ഒന്നുകൂടി എന്നെ നോക്കി പ്രാര്‍ഥനയുടെ അടുത്ത വരിയിലേക്ക് ചാടി. പ്രാര്‍ഥന കഴിഞ്ഞാല്‍ ഉസ്താദിനു കൈമടക്ക് കിട്ടും. മൂപ്പര് വേറെ വാശിയൊന്നും കാണിച്ചില്ല. അവസാന ശ്വാസം വലിക്കുന്ന വരെ ബാപ്പയെ ഊണും ഉറക്കുമൊഴിച്ച് രാവും പകലും ശുശ്രൂഷിച്ച, ഓത്തുപ്പള്ളിക്കാലം തൊട്ട് ബാപ്പയെ സ്‌നേഹിച്ച ഉമ്മയേക്കാള്‍ നല്ലൊരു ഇണയെ പരലോകത്ത് കിട്ടണേ എന്ന പ്രാര്‍ഥന എന്തൊരു ക്രൂരതയാണ്. കുടുംബ സങ്കല്‍പത്തെ തന്നെ തകര്‍ക്കുന്ന പ്രാര്‍ഥനയല്ലേ അത്. ഉമ്മ ആ പ്രണയകാലത്തെ കുറിച്ച് അധികം പറഞ്ഞിട്ടില്ല. എന്നാലും ഇടക്ക് ഞാന്‍ ചോദിക്കുമായിരുന്നു. ഓത്തുപള്ളീല്‍ അന്ന് നിങ്ങള്‍ പോയിരുന്ന കാലം. കോന്തലയ്ക്കാല്‍ വായിച്ചിക്ക് നെല്ലിക്ക കെട്ടിക്കൊണ്ടുപോയിരുന്നോ എന്ന്. അമ്മായിമാര്‍ പറഞ്ഞു തന്നെ കഥ കേട്ട് കുട്ടിക്കാലത്ത് ബാപ്പയോടും ചോദിക്കുമായിരുന്നു അതേ ചോദ്യം. രണ്ടുപേരും ചിരിക്കും. ആ ഉമ്മയെയാണ പരലോകത്ത് ബാപ്പയില്‍ നിന്നു വേര്‍തിരിക്കാന്‍ ഉസ്താദ് ദുആ ചെയ്യുന്നത്. ഖബറടക്കം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ എളാമമാരും മൂത്തമ്മയുമൊക്കെ ഉമ്മയെ ഇദ്ദയിലേക്ക് ഒരുക്കുകയാണ്. ഞാന്‍ എളാമയോട് പറഞ്ഞു. എന്തിനാണ് വെറുതെ ഇദ്ദയിരിക്കുന്നത്? ഇദ്ദയുടെ കാരണമായി പറയുന്ന കാര്യങ്ങളുടെ പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഖബറിങ്കല്‍ ഉസ്താദ് പ്രാര്‍ഥച്ചത് ഭൂമിയിലേക്കാള്‍ നല്ല ഇണയെ പരലോകത്ത് നല്‍കണേ എന്നാണ്. ഇത്രയും കാലം ബാപ്പയെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഉമ്മക്ക് പരലേകത്ത് സ്ഥാനമില്ലെങ്കില്‍ എന്തിനാണു ഇനിയൊരു ഇദ്ദ കൂടി? എളാമ എന്റെ വായ് പൊത്തി. അന്നുരാത്രി ഞാന്‍ ഉമ്മയോടൊപ്പമാണ് കിടന്നത്. പത്തിരുപത്തഞ്ചു വര്‍ഷത്തിനുശേഷം ഉമ്മ തനിച്ചു കിടക്കുന്ന രാത്രിയാണ്. ഒറ്റയ്ക്ക് കിടത്തേണ്ടെന്ന് എനിക്കു തോന്നി. കട്ടിലിന്റെ ഒരു അറ്റത്ത് ദയയുമുണ്ട്. എപ്പോഴോ ഞാന്‍ ഇത്തിരി സ്ഥാനം തെറ്റിപ്പോയി. അപ്പോള്‍ എന്റെ തല പിടിച്ച് തലയിണയിലേക്ക് ഉയര്‍ത്തിക്കിടത്തിക്കൊണ്ടു ഉമ്മ പറയുകയാണ്: ങ്ങള് ന്തെന്നാ ഈ കെടക്ക്ണ്? തല നേരെ വെക്ക്. തലക്കാണിമ്മല്‍ വെക്ക്. (തലക്കാണി =തലയിണ) ഉമ്മ തലയില്‍ തൊട്ടപ്പോള്‍ തന്നെ ഞാന്‍ ഉണര്‍ന്നിരുന്നു. ഉറക്കച്ചടവില്‍ ഞാന്‍, ഇയ്യെന്താ ഈ കാട്ടണ് എന്നു ചോദിച്ചു. അപ്പോള്‍ ഉമ്മ ഹൃദയത്തിന്റെ ഏറ്റവും ഉള്ളില്‍ നിന്നു ചോദിച്ചു. ങേ.. ഇത് ഇയ്യ് ആയീന്യോ? ഞാന്‍ വിചാരിച്ചു വായിച്ച്യാന്ന്.. അപ്പോഴാണ് എന്റെ വികാരം പൊട്ടിപ്പോയത്. ഞാന്‍ ആ ഇരുട്ടില്‍ കരഞ്ഞുപോയി. അപ്പോള്‍ അറിയാതെ എന്റെ വായില്‍ നിന്നു വന്ന വാക്കുകള്‍ ഇങ്ങിനെയായിരുന്നു: ഇയ്യ് വെറുതെ സങ്കടപ്പെട്ട് കിടക്കണ്ട. പരലോകത്ത് ഭൂമിയിലേക്കാള്‍ നല്ല ഇണയെ കിട്ടണേ എന്നാണ് ഉസ്താദ് ഖബറില്‍ നിന്നു പ്രാര്‍ഥിച്ചത്.. അവിടെ ഹൂറില്ലീങ്ങള്‍ക്കൊപ്പമാകും വായിച്ചി. ആ സങ്കടത്തിലും ഉമ്മ പറഞ്ഞു. ഉസ്താദ് പ്രാര്‍ഥിച്ചോട്ടെ. മൂപ്പര് പഠിച്ചത് അങ്ങനെയ്ക്കും. വായിച്ചിക്ക് ഒരു ഹൂറിനേയും പറ്റൂല. അല്ലെങ്കിലും ഞാന്‍ അല്ലാതെ ഏത് ഹൂറിയാ വായിച്ചിനെ സഹിക്ക്യാ.. ഒരു ഹൂറിയും വായിച്ചിന്റെ അടുത്ത് നാലു ദെവസം നിക്കൂല... ഞാന്‍ ഉമ്മയെ ചേര്‍ത്തു പിടിച്ചു കിടന്നു. പിന്നീട് എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഉമ്മയും ഉറങ്ങിയിട്ടുണ്ടാകില്ല.
https://www.facebook.com/Malayalivartha
























