ഇനി കൂട്ടുകാരനില്ലാത്ത ലോകം...എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട് അമ്മേ..'; മഹാരാജാസില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച അര്‍ജ്ജുന്‍ ആശുപത്രി വിട്ടു

വിതുമ്പിക്കൊണ്ട് അര്‍ജ്ജുന്‍ ആശുപത്രി വിട്ടു. ചങ്കായിരുന്ന കൂട്ടുകാരനെ ചങ്ക് തകര്‍ന്ന് ഓര്‍ത്ത് അര്‍ജ്ജുന്‍. എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യുവിനൊപ്പം എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ അര്‍ജ്ജുന്‍ ആശുപത്രി വിട്ടു. അഭിമന്യുവിന്റെ നെഞ്ചിനാണ് കുത്ത് ഏറ്റതെങ്കില്‍ അര്‍ജ്ജുന്റെ അടിവയറ്റിലാണ് മാരകമായി കുത്തേറ്റത്. ആന്തരികാവയങ്ങള്‍ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അര്‍ജ്ജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അര്‍ജ്ജുന്‍ ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ ദീര്‍ഘനാള്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജന്മനാടായ കൊല്ലത്തേക്ക് അര്‍ജ്ജുനെ മാതാപിതാക്കള്‍ കൊണ്ടുപോയി. ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്ത ശേഷം മഹാരാജാസിലേക്ക് തന്നെ മകന്‍ തിരിച്ചു വരുമെന്ന് അര്‍ജ്ജുന്റെ അമ്മ പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറും പൊലീസ് കസ്റ്റഡിയില്‍ ആണ്. ഇയാളുടെ വീട്ടില്‍ ആലുവ പൊലീസ് നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെത്തിയിരുന്നു.
അപകടനില തരണം ചെയ്യാന്‍ ആശുപത്രിയില്‍ അര്‍ജ്ജുന് പതിമൂന്ന് ദിവസം വേണ്ടിവന്നു. ഉറ്റ സുഹൃത്തായ അഭിമന്യുവിന്റെ മരണവാര്‍ത്തയറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അര്‍ജ്ജുന്‍. ബോധം തെളിഞ്ഞ നിമിഷം അടുത്തുണ്ടായിരുന്ന അമ്മയോട് അര്‍ജ്ജുന്‍ ചോദിച്ചതും അഭിമന്യുവിന്റെ കാര്യമായിരുന്നു.
https://www.facebook.com/Malayalivartha
























