വെടിക്കെട്ടിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍... പടക്ക കടകള്‍ ഇനി ഒറ്റപ്പെട്ട തുറസ്സായ സ്ഥലത്ത് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ വിപണന ശാലകള്‍ക്ക് പൂട്ടുവീഴും

വെടിക്കെട്ട് ചട്ടങ്ങള്‍ വീണ്ടും കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ വെടിക്കെട്ടില്‍ മാത്രമായിരുന്നുവെങ്കില്‍ നിര്‍മാണവിപണന കേന്ദ്രങ്ങള്‍ക്കുള്ള നിയമം കര്‍ശനമാക്കിയത് ഉള്‍പ്പെടെ ഭേദഗതികളടങ്ങുന്ന കരട് വിജ്ഞാപനമാണ് കഴിഞ്ഞദിവസം കേന്ദ്രം പുറത്തിറക്കിയത്. എട്ട് നിര്‍ദേശങ്ങളും, 35 നിബന്ധനകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പടക്കക്കടകള്‍ ഇനി ഒറ്റപ്പെട്ട തുറസ്സ് സ്ഥലത്ത് മാത്രമേ പ്രവര്‍ത്തിപ്പിക്കാനാവൂ. സമീപത്ത് ഷോപ്പിങ് മാള്‍ അടക്കം മറ്റ് സ്ഥാപനങ്ങള്‍ പാടില്ല. നിലം മുതല്‍ ആകാശം വരെ തുറന്നിട്ടതും, ആളൊഴിഞ്ഞ മേഖലയിലും സ്വതന്ത്രമായ കെട്ടിടത്തിലും വേണം പടക്ക വില്‍പന. ഇതിന് ഒന്നര മീറ്ററിലധികം വീതിയോടെ അടിയന്തര വാതിലും വേണം. തട്ടുകളോ, അറകളോ മുറിക്കകത്ത് പാടില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ വിപണന ശാലകള്‍ക്കുള്ള പൂട്ട് കൂടിയാണ് ഭേദഗതി. നിയമം ശക്തമാക്കിയാല്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായ പടക്ക വില്‍പന ശാലകളും, വെടിമരുന്ന് സാമഗ്രികളുടെ നിര്‍മാണ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വരും. മാത്രമല്ല വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന്റെ 250 മീറ്റര്‍ ചുറ്റളവില്‍ ആശുപത്രി, സ്‌കൂളുകള്‍, ഷോപ്പിങ് മാള്‍ എന്നിവ പാടില്ലെന്നും വ്യക്തമാക്കുന്നു. ലിഥിയം അടക്കം എട്ടിനങ്ങളുടെ ഉപയോഗം വെടിമരുന്നില്‍ നിരോധിച്ചിട്ടുണ്ട്. പടക്ക വിപണന ശാലകള്‍ക്ക് ഡിസ്‌പ്ലേ ഓപറേറ്റര്‍, അസി. ഓപറേറ്റര്‍ എന്നിവരുടെ പേരിലേ ഇനി ലൈസന്‍സ് അനുവദിക്കൂ. ഇവരുടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വില്‍ക്കുന്ന ഇനങ്ങള്‍ തുടങ്ങിയ വിശദാംശം കടക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം.
അപേക്ഷിക്കുമ്പോള്‍ പൊതുനഷ്ട ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ എടുക്കണം. കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിനായി നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണ് നിയമ ഭേദഗതി. കഴിഞ്ഞ തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയമം ആശങ്കയുണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ ഇടപെടലോടെയാണ് മറി കടന്നത്. അടുത്ത ദീപാവലിക്ക് മുമ്പ് നിയമമാകുന്ന ഭേദഗതിയില്‍ ആഗസ്റ്റ് 20നകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.
സംസ്ഥാനത്ത് ആയിരത്തോളം വെടിക്കെട്ട് ലൈസന്‍സികളും, 16,000 പടക്ക വിപണന ശാലകളുമുണ്ടെന്നാണ് കണക്ക്. ഇവയിലെ കര്‍ശന പരിശോധനകളടക്കമുള്ളവയും ഭേദഗതിയിലുണ്ട്.
https://www.facebook.com/Malayalivartha

























