സംസ്ഥാനത്ത് മഴ ശക്തമാകുന്നു... ഇടുക്കി, കോട്ടയം ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, മഴക്കെടുതിയില്‍ രണ്ട് മരണം

ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴ തുടരുന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഹെഡ്‌വര്‍ക്ക്‌സ്, മലങ്കര എന്നീ അണക്കെട്ടുകള്‍ തുറന്നുവിട്ടു. തൊടുപുഴ, മീനച്ചിലാറുകള്‍ കരകഴിഞ്ഞൊഴുകുകയാണ്. പാലാ ഈരാറ്റുപേട്ട, പാലാ രാമപുരം പാലാ പൊന്‍കുന്നം റൂട്ടികളിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാം ബസ് സര്‍വീസുകളും നിറുത്തി വച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ അരയൊപ്പം വെള്ളമായി.
മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശിയപാതയിലടക്കം മണ്ണും പാറയും ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടതിനാല്‍ ഹൈറേഞ്ചിലേക്ക് എത്തിപ്പെടാനാകാത്ത സ്ഥിതിയാണ്. സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ ഹാജര്‍നില വളരെ കുറവാണ്. കിടങ്ങൂര്‍ പിറയാര്‍ ഭാഗത്ത് മീനച്ചിലാറിന്റെ തീരത്ത് താമസിക്കുന്ന എട്ട് കുടുംബങ്ങളെ കിടങ്ങൂര്‍ എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. അന്ത്യാളം കുര്യത്ത് മലയില്‍ മണ്ണിടിച്ചിലുണ്ടായി ഒരു വീട് ഭാഗികമായി തകര്‍ന്നു.
തൊടുപുഴ ടൗണിലെ താഴ്ന്ന കടകളിലെല്ലാം വെള്ളം കയറി. വെള്ളത്തൂവല്‍ രാജാക്കാട് റോഡിന് സമീപം എസ് വളവില്‍ പാറക്കെട്ടുകളും മണ്ണുമിടിഞ്ഞ് ഗതാഗതം നിലച്ചു. രാത്രി മുതല്‍ പാറകള്‍ ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും മറ്റും സ്ഥലത്തെത്തി നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പാറകള്‍ വീഴുന്നതിനാല്‍ താത്കാലികമായി മാറ്റുന്നത് നിറുത്തിവച്ചു.
https://www.facebook.com/Malayalivartha

























