പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ മുതല്‍; കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ സത്യപ്രതിജ്ഞ ചെയ്യും

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ ഭരണപ്രതിപക്ഷ അങ്കത്തിനായിരിക്കും സാക്ഷ്യം വഹിക്കുക. ബിജെപി സ്ഥാനാര്‍ഥിയെ എതിര്‍ക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിനായി ഉപാധ്യക്ഷപദവി വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നത് ബിജെപിക്ക് തടസമാകും. മുത്തലാക്ക്, ദേശീയ മെഡിക്കല്‍ കമ്മീഷന്‍, ഒബിസി, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവ അടക്കമുള്ള സുപ്രധാന നിയമനിര്‍മാണങ്ങള്‍ ലക്ഷ്യമിടുന്ന 18 ദിവസത്തെ സമ്മേളനം പ്രക്ഷുബ്ധമാകുമെന്നു തീര്‍ച്ചയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായുള്ള രാഷ്ട്രീയ പോരാട്ടത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കത്തയച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പകരം മുത്തലാഖ് ബില്‍ ഉയര്‍ത്തിയാകും ബിജെപിയുടെ പ്രതിരോധം. കഴിഞ്ഞ ബജറ്റ് സമ്മേളനം ഏതാണ്ട് പൂര്‍ണമായി തടസപ്പെട്ടതിനാല്‍ ഇത്തവണ ആദ്യ കുറേ ദിവസങ്ങള്‍ക്കുശേഷം സഭാനടപടികള്‍ പാടേ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം തുനിഞ്ഞേക്കില്ല. ഓഗസ്റ്റ് പത്തുവരെയാണ് സമ്മേളനം. കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ്എമ്മിലെ ജോസ് കെ. മാണി, സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയി വിശ്വം എന്നിവര്‍ ഈ സമ്മേളനത്തിന്റെ തുടക്കത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.
വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലകള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, സ്ത്രീപീഡനങ്ങള്‍, വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളില്‍ പ്രതിപക്ഷം യോജിച്ച പോരാട്ടത്തിനാണ് തീരുമാനിച്ചിട്ടുള്ളത്. റിലയന്‍സിന്റെ ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതടക്കമുള്ള വിവാദങ്ങളും കത്തിക്കയറും. ബിജെപിയുമായി പിരിഞ്ഞ തെലുങ്കുദേശം പാര്‍ട്ടി കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ നോട്ടീസ് നല്‍കിയ അവിശ്വാസപ്രമേയം വീണ്ടും അവതരിപ്പിക്കാനും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























