ഇന്ന് കര്‍ക്കടകം ഒന്ന്... കേരളത്തില്‍ രാമായണമാസാചരണത്തിന് തുടക്കം, ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും

ഇന്ന് കര്‍ക്കടകം ഒന്ന്. കേരളത്തില്‍ ഇന്ന് രാമായണമാസാചരണത്തിന്റെ തുടക്കം കൂടിയാണ്. ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളും രാമായണ പാരായണത്താല്‍ മുഖരിതമാകും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും ഹൈന്ദവ വീടുകളില്‍ രാമായണപാരായണം നടക്കും.
കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.
കര്‍ക്കടക മാസത്തില്‍ ആരോഗ്യപരിപാലനത്തിനായി കര്‍ക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, മുതലായ ആയുര്‍വ്വേദ ചെടികള്‍ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. പല ആയുര്‍വ്വേദകേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ പ്രത്യേക സുഖചികല്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.
ക്‌ഷേത്രങ്ങളിലെല്ലാം രാമായണപാരായണത്തിന് തുടക്കമായി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എല്ലാദിവസവും വൈകീട്ട് അഞ്ചിന് രാമായണപാരായണം നടക്കും. കുന്നരു മൂകാംബികാ ക്ഷേത്രത്തില്‍ രാമായണ പാരായണവും മഹാഗണപതി ഹോമവും ഭഗവതിസേവയും ഉണ്ടാകും. 29ന് ഉച്ചയ്ക്ക് രണ്ടിന് യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാമായണം പ്രശ്‌നോത്തരി ഉണ്ടാകും. ഓഗസ്റ്റ് 12ന് രാവിലെ ആറുമുതല്‍ അഖണ്ഡരാമായണ പാരായണം നടക്കും. ഓഗസ്റ്റ് 15ന് വൈകീട്ട് നാലിന് എസ്.പി.വിഷ്ണു നമ്പൂതിരി ആധ്യാത്മിക പ്രഭാഷണം നടത്തും.
കണ്ടങ്കാളി പൂന്തുരുത്തി ഊര്‍പ്പഴശ്ശി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ (കോട്ടം) എല്ലാദിവസവും വൈകിട്ട് അഞ്ചുമുതല്‍ രാമായണ പാരായണവും തുടര്‍ന്ന് നിറമാലയും ഉണ്ടാകും. 17ന് രാവിലെ ക്ഷേത്രം തന്ത്രി വടക്കെ അബ്ലി ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടക്കും. കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാര്‍കുളങ്ങര ഭഗവതി കോട്ടത്തില്‍ വൈകീട്ട് 5.30നാണ് രാമായണ പാരായണം. പയ്യന്നൂര്‍ കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 5.30 മുതല്‍ 6.30 വരെ പാരായണവും രാവിലെ വിശേഷാല്‍ ഗണപതിഹോമവും ഉണ്ടാകും. കോറോം വരരുചിമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 6.30ന് ഗണപതി ഹോമവും വൈകീട്ട് 5.30ന് രാമായണ പാരായണവും നടക്കും.
മാത്തില്‍ ധര്‍മശാസ്താംകാവ് ക്ഷേത്രത്തില്‍ എല്ലാദിവസവും വൈകീട്ട് പാരായണവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവും ഉണ്ടാകും. ചെറുതാഴം കുന്നിന്‍മതിലകം മഹാദേവ ക്ഷേത്രത്തില്‍ എല്ലാദിവസവും വൈകീട്ട് നാലിനാണ് പാരായണം. 24ന് മഹാഗണപതിഹോമം, തുടര്‍ന്ന് അഖണ്ഡരാമായണ പാരായണം, ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് ആറിന് ആധ്യാത്മിക പ്രഭാഷണം, 12ന് രാവിലെ ഒന്‍പതിന് രാമായണ സത്രം എന്നിവയുണ്ടാകും.
https://www.facebook.com/Malayalivartha

























