വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും നേരിട്ട് ഹാജരാകണമെന്ന് കോടതി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും കോടതി നേരിട്ട് ചോദ്യം ചെയ്യും. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് നേരിട്ട് ചോദ്യം ചെയ്യുന്നത്. ആഗസ്റ്റ് എട്ടിന് ബിജുവിനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു. അന്ന് ഹാജരാകാന്‍ സരിതയ്ക്കും മജിസ്‌ട്രേട്ട് ടി.കെ.സുരേഷ് നിര്‍ദ്ദേശം നല്‍കി.
2013 ജൂലൈ അഞ്ചിനാണ് ഇരുവര്‍ക്കുമെതിരെ കോടതി നേരിട്ട് കേസെടുത്തത്. വ്യവസായിയായ റ്റി.സി.മാത്യു സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കേസ്. കെട്ടിടത്തിന് വരുന്ന വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ സോളാര്‍ പാനല്‍ കെട്ടിടത്തില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും വ്യാജരേഖകള്‍ നിര്‍മ്മിച്ച് അസ്സല്‍ രേഖ പോലെ ഉപയോഗിച്ചും സരിത, ലക്ഷ്മി നായര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചെന്നാണ് കേസ്. വിചാരണ വേളയില്‍ പ്രതികള്‍ക്കെതിരായി കോടതി മുമ്പാകെ വന്ന വായ് മൊഴി തെളിവുകളുടെയും ഹാജരാക്കപ്പെട്ട രേഖാമൂലമുളള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























