സംസ്‌കൃത സംഘം രൂപീകരിച്ചത് ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് വന്നവരെ തൃപ്തിപ്പെടുത്താന്‍, ഒ.കെ വാസുവും എ. അശോകനും അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്

സി.പി.എം രാമായണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സംഘം രൂപീകരിച്ചത് ബി.ജെ.പിയില്‍ നിന്ന് പാര്‍ട്ടിയിലേക്ക് വന്നവരെ തൃപ്തിപ്പെടുത്താനാണെന്ന്. സി.പി.എമ്മിലെ ചില കേന്ദ്രങ്ങളാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ സംസ്‌കൃത സംഘത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കണ്ണൂരില്‍ ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലെത്തിയ ഒ.കെ വാസു, എ. ആശോകന്‍, പത്തനംതിട്ടയില്‍ സി.പി.എമ്മിലേക്ക് വന്ന ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേരെ തൃപ്തിപ്പെടുത്താനാണ് രാമായണമാസാചരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി ഒ.കെ.വാസുവിനെ നിയമിച്ചത് പിണറായി സര്‍ക്കാറാണ്.
ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2014ല്‍ സി.പി.എമ്മില്‍ ചേര്‍ന്ന ഒ.കെ വാസുവിനെയും അശോകനെയും പെട്ടന്ന് തന്നെ കര്‍ഷക സംഘത്തിന്റെ ജില്ലാ നേതാക്കളാക്കി. പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നേ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ബി.ജെ.പിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും പാര്‍ട്ടിയിലേക്ക് വന്നവരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊള്ളണമെന്ന് കണ്ണൂര്‍ ജില്ലയിലെ സി.പി.എം നേതാക്കളടക്കം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തേക്കാള്‍ വലിയ വിവാദത്തിലാണ് അത് എത്തിയത്. രാമായണമാസാചരണം തുടങ്ങിയ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരനും സുധീരനും വന്നതോടെ അവര്‍ പരിപാടി ഉപേക്ഷിച്ചു. അതും സി.പി.എമ്മിന് തിരിച്ചടിയായി.
പുരാണങ്ങളെ മറയാക്കി തെറ്റായ പ്രചാരണം നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ നേരിടുകയാണ് സംസ്‌കൃത സംഘത്തിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസന്‍ വ്യക്തമാക്കിയിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. മത, വര്‍ഗീയ വാദികളെ തുറന്നുകാട്ടുകയും ചെറുക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. പുരാണങ്ങളെയും ഇതിഹാസങ്ങളെയും പറ്റി പൊതുസമൂഹത്തില്‍ നേര്‍വഴിക്കുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതില്‍ ആവലാതിയുള്ളവരാണ് സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിക്കെട്ടാന്‍ നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്‌കൃത സംഘം സംസ്ഥാന കണ്‍വീനര്‍ ടി. തിലകരാജാണ്.
സംസ്‌കൃത പണ്ഡിതന്മാരും, വിരമിച്ച പ്രൊഫസര്‍മാരും അധ്യാപകരും ചേര്‍ന്നതാണ് സംസ്‌കൃത സംഘം. മാനവികതയിലൂന്നിയ ചര്‍ച്ചയിലും സംവാദങ്ങളിലും എതിരഭിപ്രായമുള്ളവരേയും ക്ഷണിക്കാറുണ്ട്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്വതന്ത്രമായ ഇടപെടലുകള്‍ ഉണ്ടാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നതെന്തിനാണെന്നും ടി. തിലകരാജ് ചോദിച്ചു.
https://www.facebook.com/Malayalivartha

























