ദുബായിൽ പുത്തൻ പരിഷ്‌കാരങ്ങൾ; ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കാൻ റേറ്റിംഗ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഹെൽത്ത് അതോറിറ്റി

ദുബായിയിലെ ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കാൻ റേറ്റിംഗ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം പുതിയ നിയമം പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം ഒരുപോലെ ബദ്ധമാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ഇതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി അടുത്ത വർഷം ആദ്യംമുതൽ റേറ്റിങ് സംവിധാനം പ്രവർത്തനമാരംഭിക്കും. രോഗികളുടെ സുരക്ഷ, സംതൃപ്തി, ക്ലിനിക്കൽ ഗുണനിലവാരം, സാമ്പത്തിക-പ്രവർത്തന നിലവാരം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് റേറ്റിങ് നൽകുക.
ആശുപത്രികളിൽ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങൾ, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണം എന്നിവയ്ക്കാകും മുൻഗണന. ഇതുസംബന്ധിച്ച് ഡി.എച്ച്.എ. യുടെ ആരോഗ്യ നിയന്ത്രണ വിഭാഗവും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും പങ്കെടുത്ത ശില്പശാല തിങ്കളാഴ്ച ദുബായിൽ നടന്നു.
ദുബായിലെ ആരോഗ്യരംഗത്തെ സേവനങ്ങളും കാര്യക്ഷമതയും വർധിപ്പിക്കാൻ ഇത് സഹായമാകുമെന്ന് ആരോഗ്യ നിയന്ത്രണവിഭാഗം സി.ഇ.ഒ. ഡോ. മർവാൻ അൽ മുള്ള പറഞ്ഞു. റേറ്റിങ് നടപ്പാക്കാൻ മികച്ച ഒരു സംവിധാനം രൂപവത്‌കരിക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആളുകൾക്ക് ഇതുവഴി ലഭിക്കും. മെഡിക്കൽ ടൂറിസം രംഗത്തും വിശ്വാസ്യത വർധിക്കാൻ ഈ നീക്കം സഹായകമാകും.
https://www.facebook.com/Malayalivartha
























