ഡിജിറ്റല്‍ കേരളം: ഹാഷ് ഫ്യൂച്ചറിനു പിന്നാലെ ഗ്ലോബല്‍ കണക്ടും ഡിജിറ്റല്‍ നേട്ടമുണ്ടാക്കിയവരുടെ ശൃംഖല വരുന്നു... സമ്മേളനം അമേരിക്കയില്‍

ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരളത്തിന് മികച്ച മുന്നേറ്റത്തിന് കളമൊരുക്കിയ ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയുടെ തുടര്‍ച്ചയായി സംസ്ഥാനം ആഗോളാടിസ്ഥാനത്തില്‍ ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ കണക്ട് എന്ന പേരില്‍ ഈ മേഖലയിലെ ക്ഷണിക്കപ്പെട്ട പ്രമുഖരുടെ സമ്മേളന പരമ്പര സംഘടിപ്പിക്കുന്നു.
കേരളീയരായ സാങ്കേതിക വിദഗ്ധരെയും സംസ്ഥാന സര്‍ക്കാരിനെയും പരസ്പരം ബന്ധിപ്പിച്ച് കേരളത്തെ ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമാക്കി മുന്നേറാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതാധികാര ഐടി സമിതി(എച്ച്പിഐസി)യാണ് ഈ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ സമ്മേളനത്തിന്റെയും തുടര്‍ച്ചയായി ഈ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ അച്ചീവേഴ്‌സ് നെറ്റ്വര്‍ക്ക് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആദ്യ മൂന്നു സമ്മേളനങ്ങള്‍ അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ബോസ്റ്റണ്‍, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ യഥാക്രമം ഓഗസ്റ്റ് 6, 7, 8 എന്നീ തിയതികളില്‍ നടത്തും. ഡിജിറ്റല്‍ അച്ചീവേഴ്‌സ് നെറ്റ്വര്‍ക്ക് രൂപീകരിക്കുന്നതിനു പുറമെ സാങ്കേതിക വിദഗ്ധര്‍ക്കിടയില്‍ കേരളം ചര്‍ച്ചയാക്കുക, കേരളത്തിന്റെ ഡിജിറ്റല്‍ ലക്ഷ്യങ്ങളില്‍ സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവരുമായി ബന്ധം സ്ഥാപിക്കുക, നിക്ഷേപ സാധ്യതകള്‍ അന്വേഷിച്ചറിയുക എന്നിവയാണ് ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ കണക്ടിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍.
ഓരോ സമ്മേളനത്തിലും 40 മുതല്‍ 50 ക്ഷണിതാക്കളെയാണ് പങ്കെടുപ്പിക്കുക. ഈ മേഖലയില്‍ പരിചയസമ്പരും, മേഖലയുമായി ആഗോളതലത്തില്‍ ബന്ധമുള്ളവരും, പ്രധാനമായും കേരളം അല്ലെങ്കില്‍ ഇന്ത്യയുമായി ബന്ധമുള്ളവരുമായിരിക്കും ഇവര്‍. കേരളത്തില്‍ നിക്ഷേപത്തിനു താല്പര്യമുള്ളവരെ മാത്രമല്ല, ചെറുതും വലുതുമായ കമ്പനികള്‍, വൈജ്ഞാനിക വ്യവസായത്തിലും അക്കാദമിക് മേഖലയിലുമുള്ളവര്‍ എന്നിവരുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിക്ഷേപം നടത്താന്‍ പ്രേരണ ചെലുത്തുന്നതിന് കെല്പുള്ളവരെയും സമ്മേളനത്തിനു ക്ഷണിക്കുന്നുണ്ട്. ഓരോ സമ്മേളനത്തിലും വിഷയാവതരാകരായി ഒരാളുണ്ടാകും. ഇവര്‍ നല്‍കുന്ന ആമുഖം, ഐടി ഉന്നതതല സമിതിയുടെ നയസമീപനങ്ങളുടെ അവതരണം, കേന്ദ്രീകൃത ചര്‍ച്ചകളും കൂട്ടായ്മകളും എന്നിവയാണ് സമ്മേളനങ്ങളിലുണ്ടാകുക.
ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്ഡി ഷിബുലാല്‍ അധ്യക്ഷനായുള്ള എച്ച്പിഐസിയില്‍ സംസ്ഥാന ഐടി സെക്രട്ടറിയടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, ഐടി മേഖലയിലെ പ്രമുഖ വ്യവസായികള്‍, ഉപദേഷ്ടാക്കള്‍, തുടങ്ങിയവരാണുള്ളത്. ഷിബുലാല്‍, സമിതി അംഗങ്ങളായ ഇന്‍ഫോസിസ് മുന്‍ സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍, വി.കെ മാത്യൂസ്, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍ എന്നിവര്‍ക്കുപുറമെ മുഖ്യമന്ത്രിയുടെ ഐടി ഫെലോമാരും അമേരിക്കയില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിക്കും.
ഡിജിറ്റല്‍ കേരള എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് ലക്ഷ്യമാക്കി ഓരോ സമ്മേളനത്തിന്റെയും തുടര്‍ച്ചയായി ഡിജിറ്റല്‍ അച്ചീവേഴ്‌സ് നെറ്റ്വര്‍ക്ക് രൂപീകരിക്കുന്നുണ്ട്. ഇവരായിരിക്കും കേരളത്തെ ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമാക്കുന്നതിനുള്ള ചുക്കാന്‍ പിടിക്കുന്നത്. മുന്‍ഗണനാ മേഖലകള്‍ നിശ്ചയിക്കുക, ആഗോള ഐടി വ്യവസായത്തില്‍ കേരളത്തിന്റെ പ്രതിനിധികളാകുക, സാങ്കേതിക മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, കേരളം നല്‍കുന്ന തനതായ മെച്ചങ്ങള്‍ അവതരിപ്പിച്ച് ഡിജിറ്റല്‍ കേരളം എന്ന ബ്രാന്‍ഡിനുവേണ്ടി പ്രവര്‍ത്തിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കും വേണ്ട ഉപദേശ, നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ഡിജിറ്റല്‍ കേരള നെറ്റ്വര്‍ക്കില്‍ സ്വാധീനശക്തിയുള്ളവരെ കൂട്ടിച്ചേര്‍ക്കുക തുടങ്ങിയവയാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍.
ഗ്ലോബല്‍ കണക്ട് സെഷനുകള്‍ നടത്തുന്ന ചുമതലയും ഈ നെറ്റ്‌വര്‍ക്കിന്റെ പ്രാദേശിക ചാപ്റ്ററുകള്‍ക്കായിരിക്കും. നിക്ഷേപസാധ്യതകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാനത്തെ മികച്ച ലക്ഷ്യസ്ഥാനമാക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും
https://www.facebook.com/Malayalivartha
























