ഇടുക്കിയിലെ ഡാമുകള്‍ നിറയുന്നു...മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഇന്ന് ഉപസമിതി പരിശോധന

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി ഇന്ന് പരിശോധന നടത്തും. ശക്തമായ മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 131 .2 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് അനുവദനീയ അളവായ 142 അടിയായി ഉയര്‍ത്തുകയാണ് തമിഴ് നാടിന്റെ ലക്ഷ്യം. കേന്ദ്ര ജല കമ്മീഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ വി.രാജേഷ് അധ്യക്ഷനായ സമിതിയില്‍ ജല വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സോണി ദേവസ്യ, അസി. എക്‌സി. എഞ്ചിനിയര്‍ എന്‍.എസ് പ്രസീദ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കനത്ത മഴയില്‍ ഇടുക്കി ജില്ലയിലെ ഡാമുകള്‍ നിറയുന്നു. 33 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 66 ശതമാനം വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്.
1985ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2,375.52 അടി വെള്ളം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഡാമിലെ ജലനിരപ്പ് അഞ്ച് അടി ഉയര്‍ന്നു. നിലവിലെ കണക്ക് അനുസരിച്ച് 1324.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇടുക്കി അണക്കെട്ടില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 അടി കൂടുതല്‍ വെള്ളം ഡാമിലുണ്ട്.
കാലവര്‍ഷാരംഭത്തില്‍ തന്നെ ഇത്രയും വെള്ളം ഒഴുകിയെത്തിയതിനാല്‍ ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ബോര്‍ഡ് നടത്തുന്നുണ്ട്. ഇടുക്കി ഡാം നിര്‍മിച്ചശേഷം 1981ലും 1992ലും മാത്രമാണ് ഷട്ടറുകള്‍ തുറന്നത്. വേനല്‍ക്കാലത്തേക്കുള്ള കരുതലായി വൈദ്യുതോല്‍പാദനം കുറച്ചതും ജലനിരപ്പ് ഉയരുന്നതിന് കാണമായി. 2403 അടിയാണ് അണക്കെട്ടിന്റെ ആകെ സംഭരണശേഷി.
https://www.facebook.com/Malayalivartha
























