പൊലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച വനിതാ ബെറ്റാലിയന്റെ പാസിങ് ഔട്ട് പരേഡ് നാളെ

കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി രൂപീകരിച്ച വനിതാ പൊലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന്‍ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നാളെ രാവിലെ 7.30 ന് കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം ആദ്യ വനിതാ കമാന്‍ഡോകളുടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഡെമോണ്‍സ്‌ട്രേഷനും നടക്കും. ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ കൂടിയായ എഡിജിപി ഡോ. ബി. സന്ധ്യ മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2017 ലാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഒരു വനിതാ പോലീസ് ബറ്റാലിയന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് 10 ഏക്കര്‍ സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് ഇവിടെ വനിതാ ബറ്റാലിയന്റെ ഓഫീസും ആരംഭിച്ചു. ബറ്റാലിയനായുള്ള മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. എസ്.പി. ആര്‍. നിശാന്തിനിയാണ് പ്രഥമ വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ്.
തുടര്‍ന്ന് പുതുതായി റിക്രൂട്ട് ചെയ്ത വനിതാ ബറ്റാലിയന്‍ സേനാംഗങ്ങളുടെ ഒന്‍പത് മാസത്തെ പരിശീലനം 2017 സെപ്തംബര്‍ 17 ന് തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചു. ആകെ 578 റിക്രൂട്ട് വനിതാ പോലീസ് സേനാംഗങ്ങളാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടിയിട്ടുള്ളവരാണ്. ഇവരെ ഉപയോഗപ്പെടുത്തി ആദ്യമായി സംസ്ഥാനത്ത് ഒരു വനിതാ കമാന്‍ഡോ വിങ്ങും ഇതോടൊപ്പം ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.

കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഈ ബാച്ചിലെ വനിതാ ട്രെയിനികള്‍. അടിസ്ഥാന നിയമങ്ങള്‍ക്കും, വിവിധ സ്‌പെഷ്യല്‍ നിയമങ്ങള്‍ക്കും പുറമേ കളരി, യോഗ, കരാട്ടേ, നീന്തല്‍, െ്രെഡവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്ലുകള്‍, ഫയറിങ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി പുതിയ ഡിസൈനിലുള്ള യൂണിഫോമും തയ്യാറായിട്ടുണ്ട്.
ആദ്യത്തെ ഈ ലേണിങ് പരിശീലനം, വ്യക്തിത്വവികാസത്തിനും, സ്വതന്ത്രമായി ചിന്തിക്കുന്നതിനും കാര്യപ്രാപ്തിയോടുകൂടി പോലീസ് ജോലി അര്‍പ്പണമനോഭാവത്തോടുകൂടി പ്രായോഗിക തലത്തില്‍ നിര്‍വ്വഹിക്കുന്നതിന് സിന്‍ഡിക്കേറ്റ് ഗ്രൂപ്പുകളും, ഹോബി ക്ലബ്ബുകളും സജീവമായി ഉപയോഗപ്പെടുത്തിയ ആദ്യത്തെ ബാച്ച് തുടങ്ങിയ സവിശേഷതകളും പരിശീലനത്തിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വിമന്‍ ട്രെയിനിങ് സെന്റര്‍ ഇലേണിങ് ക്യാമ്പസില്‍ നിന്നും ' ഐ നോ ജന്‍ഡര്‍ 1,2,3 ' മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ് ഈ സേനാംഗങ്ങള്‍. കേസ് ഡയറി തയ്യാറാക്കുന്നവിധം തുടങ്ങി കുറ്റാന്വേഷണത്തിലും പരിശീലനം നല്കിയിട്ടുണ്ട്.
പോലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നയം. അതിന്റെ ഭാഗമായി കൂടുതല്‍ വനിതാപോലീസ് സേനാംഗങ്ങളെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റിക്രൂട്ട് ചെയ്യാനും നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























